ഇടാത്തിയുടെ എസ്എംഎസ് ബോംബ് എസ്പിഡി നേതൃത്വത്തെ പൊരിക്കുന്നു; മൊഴി രേഖപ്പെടുത്തല്‍ ഡിസംബര്‍ 18ന്
Wednesday, December 17, 2014 10:04 AM IST
ബര്‍ലിന്‍: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ വാങ്ങി സൂക്ഷിച്ച കേസില്‍ പ്രതിയായ മുന്‍ എംപി സെബാസ്റ്യന്‍ ഇടാത്തിയുടെ എസ്എംഎസ് സന്ദേശങ്ങളെക്കുറിച്ചുള്ള അന്വേഷണം പാര്‍ട്ടി നേതൃത്വത്തെ ഒന്നാകെ വെട്ടിലാക്കുന്നു.

ബാലലൈംഗിക കേസില്‍ കുറ്റം ആരോപിക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന മുന്‍ ജര്‍മന്‍ എംപി സെബാസ്റ്യന്‍ ഇടാത്തി ഡിസംബര്‍ 18 ന് (വ്യാഴം) ജര്‍മന്‍ പാര്‍ലമെന്ററി കമ്മീഷന്‍ മുമ്പാകെ മൊഴി രേഖപ്പെടുത്തും. ഇതുകൂടാതെ അന്നുതന്നെ മാധ്യമ കൂടിക്കാഴ്ചയും നടക്കുമെന്ന് ഇടാത്തിയുടെ ഫെയ്സ്ബുക്ക് പോസ്റും വെളിപ്പെടുത്തിയിരുന്നു.

ഇടാത്തിക്കെതിരായ അന്വേഷണത്തെക്കുറിച്ച് പുറംലോകം അറിയുന്നതിനു മുന്‍പു തന്നെ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തിന് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിഗ്മാര്‍ ഗബ്രിയേലും തോമസ് ഓപ്പര്‍മാനും അടക്കമുള്ളവരുമായി നടത്തിയ എസ്എംഎസ് ആശയവിനിമയങ്ങള്‍ ഇതിനു ശക്തമായ തെളിവാണ്.

പാര്‍ട്ടി നേതാക്കള്‍ എടാത്തിക്ക് അന്വേഷണത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം നല്‍കിയിരുന്നു എന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു എങ്കിലും ഇത്ര ശക്തമായ തെളിവുകള്‍ പുറത്തുവരുന്നത് ഇതാദ്യം. നേതാക്കളെല്ലാം ഈ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു.

2013 ഒക്ടോബറിനും 2014 ഫെബ്രുവരിയ്ക്കിടയിലുമാണ് ഇവരുടെ ഇടപാടുകള്‍ നടന്നത്. 2013 നവംബര്‍ എട്ടിന് പാര്‍ട്ടി ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ഓപ്പര്‍മാന്‍ ഇതേപ്പറ്റി ഹാര്‍ട്ട്മാനുമായും പങ്കുവച്ചിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് ബികെഎ തലവന്‍ സീര്‍ക്കെ, ഇടാത്തിയുടെ ഇടപാടുകള്‍ രഹസ്യമായി അന്വേഷിക്കുന്നതും.

പാര്‍ലമെന്റിന്റെ അന്വേഷണ സമിതിക്കു മുന്നില്‍ എടാത്തിക്കു തന്നെ പലതും സമ്മതിക്കാതെ തരമില്ലാത്ത അവസ്ഥയാണ് വന്നത്. ഇതോടെ എസ്പിഡി നേതാക്കളില്‍ പലര്‍ക്കും നില്‍ക്കക്കള്ളിയില്ലെന്നതാണ് സ്ഥിതി.

ആരോപണ വിധേയനാകുന്നതിനു മുമ്പു തന്നെ ഇടാത്തി പാര്‍ലമെന്റ് അംഗത്വം രാജിവച്ചിരുന്നു എന്നതാണ്, അന്വേഷണ വിവരം മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്നതിനു പ്രധാന തെളിവായി നേരത്തേ വ്യാഖ്യാനിക്കപ്പെട്ടിരുന്നത്.

അതേസമയം, ഇത്തരം വിവരങ്ങള്‍ എടാത്തിക്കു നല്‍കിയിരുന്നു എന്ന ആരോപണം മിഷായേല്‍ ഹാര്‍ട്ട്മാന്‍ അടക്കമുള്ള പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ ഇപ്പോഴും നിഷേധിക്കുകയാണ്.

തന്നില്‍ ആരോപിക്കപ്പെട്ട സംഭവത്തില്‍ താന്‍ നിരപരാധിയാണന്ന് ഇടാത്തി വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍ ഇതുവരെയുള്ള തെളിവുകള്‍ ഒക്കെയും ഇടാത്തിക്ക് എതിരാണ്.

2015 ഫെഫ്രുവരി 23 ന് വെര്‍ഡന്‍ ജില്ലാക്കോടതിയില്‍ ഇടാത്തിയുടെ ആദ്യവിസ്താരം നടക്കുമെന്ന് കോടതി വക്താവ് കഴിഞ്ഞ മാസം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍