നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ രാഹുല്‍ വര്‍മ്മയുടെ സത്യ പ്രതിജ്ഞ ഡിസംബര്‍ 20 ന്
Saturday, December 20, 2014 11:11 AM IST
വാഷിംഗ്ടണ്‍: അമേരിക്കയുടെ ഇന്ത്യന്‍ അംബാസഡറായി നിയമിതനായ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയുടെ സത്യ പ്രതിജ്ഞ ഡിസംബര്‍ 20 ന് (വെള്ളി) വാഷിംഗ്ടണില്‍ നടക്കും. സെക്രട്ടറി ഓഫ് സ്റേറ്റ് ജോണ്‍ കെറി സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കും.

അമേരിക്കന്‍ ഇന്ത്യന്‍ അംബാസഡറായി നിയമിതനാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ. കഴിഞ്ഞ ആഴ്ചയാണ് പ്രസിഡന്റ് ഒബാമ നിര്‍ദ്ദേശിച്ച രാഹുല്‍ വര്‍മ്മയുടെ നിയമനം യുഎസ് സെനറ്റ് ഐകകണ്ഠേന ശബ്ദ വോട്ടോടെ അംഗീകരിച്ചത്. 1960 ലാണ് രാഹുല്‍ വര്‍മ്മയുടെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയത്.

ഇന്ത്യന്‍ റിപ്പബ്ളിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് ഇന്ത്യന്‍ പ്രസിഡന്റിനു രാഹുല്‍ വര്‍മ്മ ഔദ്യോഗിക രേഖകള്‍ കൈമാറി ചുമതലയേറ്റെടുക്കും.

ഒബാമയുടെ അടുത്ത് സുഹൃത്തായാണ് റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ അറിയപ്പെടുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിന് പരമാവധി ശ്രമിക്കുമെന്ന് നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍