'ഭാവിയെ നിര്‍വചിക്കാന്‍ കഴിയണമെങ്കില്‍ ചരിത്രം പഠിച്ചിരിക്കണം'
Monday, December 22, 2014 9:25 AM IST
ദമാം: ഭാവിയെ നിര്‍വചിക്കാന്‍ കഴിയണമെങ്കില്‍ ചരിത്രം നന്നായി പഠിച്ചിരിക്കണമെന്ന ആഹ്വാനവുമായി കെഎംസിസിയുടെ ആദ്യകാല പ്രവര്‍ത്തകര്‍ക്ക് പുതുതലമുറയുടെ ആദരം. ദമാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഫാ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കേരളത്തിന്റെ ബൌദ്ധിക മണ്ഡലത്തെ ദേശിയോന്മുഖമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചവരാണ് കെഎംസിസിയുടെ പൂര്‍വകാല പ്രവര്‍ത്തകരെന്ന് സംഗമം അഭിപ്രായപ്പെട്ടു. വികസനത്തിന്റെ അളവുകോലുകളില്‍ ജനതയുടെ പൈതൃകമായ സാംസ്കാരിക നിലവാരവും ചേര്‍ക്കപ്പെട്ടിരിക്കുന്നു. നവോഥാന നായകന്മാരും ആദ്യകാല നേതാക്കളും ചേര്‍ന്ന് പടുത്തുയര്‍ത്തിയ പ്രവാസ ലോകത്തെ പുരോഗമന സാംസ്കാരിക അവബോധത്തെയും ജീവിതവീക്ഷണത്തെയും തകര്‍ത്തെറിയുക എന്ന ലക്ഷ്യത്തോടെയാണ് ടെക് നോളജി കെട്ടഴിച്ചുവിട്ട കമ്പോളയുക്തികള്‍ കുടിയേറ്റ ഭൂമികയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. സാമൂഹ്യ ബാധ്യതകള്‍ വിസ്മരിച്ചുകൊണ്ട് സ്വത്വ ബോധത്തിലേക്ക് ഒതുങ്ങിക്കൂടുന്ന ഇത്തരം പിന്നോട്ടുപോകലുകളെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നത് കൂടിയായിരുന്നു ആദരിക്കപ്പെട്ടവരുടെ പിന്‍വിചാരങ്ങള്‍.

ദേശീയ കെഎംസിസിയുടെ മുപ്പത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ദമാം സെന്‍ട്രല്‍ കമ്മിറ്റിയുടെ വൈവിധ്യ മാര്‍ന്ന പരിപാടികളുടെ ഭാഗമായായിരുന്നു പരിപാടി. പ്രസിഡന്റ് മാലിക് മഖ്ബൂലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം ദേശീയ ട്രഷറര്‍ സി. ഹാഷിം ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതികളായി എംഎസ്എഫ്.സംസ്ഥാന പ്രസിഡന്റ് ടി.പി.അഷ്റഫ് അലി, ജനറല്‍ സെക്രട്ടറി പി.ജി. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. ഇരുവര്‍ക്കുമുള്ള ഉപഹാരം ഖാദര്‍ ചെങ്കള, ഇബ്രാഹിം മൌലവി കൈമാറി. ജീവിതത്തിന്റെ ദുരിതക്കടല്‍ താണ്ടി പരിമിതമായ സൌകര്യങ്ങളില്‍ പ്രവാസം നയിക്കുമ്പോഴും കുടിയേറ്റ ഭൂമികയില്‍ നെഞ്ചേറ്റിയ പ്രസ്ഥാനത്തിന് വിത്തുപാകി മുഖ്യധാരയിലേക്ക് സംഘശക്തിയെ കൈപിടിച്ചുയര്‍ത്തിയ കിഴക്കന്‍ പ്രവിശ്യയിലെ പൂര്‍വകാല നേതാക്കളായ മുഹമ്മദ് കുട്ടി ഹാജി, ഇ.ടി.മൊയ്തു, മുഹമ്മദ് കുട്ടി തിരൂര്‍, ടി.പി.മൊയ്തീന്‍, ബാവ പുളിക്കല്‍, ഇബ്രാഹീം മൌലവി ശ്രീകണ്ഠപുരം എന്നിവരാണ് പുതു തലമുറയുടെ ആദരവേറ്റു വാങ്ങിയത്. ടി.പി.അഷ്റഫ് അലി, പി.ജി.മുഹമ്മദ്, ആലിക്കുട്ടി ഒളവട്ടൂര്‍, മുഹമ്മദ് കുട്ടി കോടൂര്‍, ടി.പി.മുഹമ്മദ് കബീര്‍ കൊണ്േടാട്ടി എന്നിവരാണ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി നേതാക്കളെ ആദരിച്ചത്. ജനറല്‍ സെക്രട്ടറി ഹമീദ് വടകര സ്വാഗതവും മാമു നിസാര്‍ നന്ദിയും പറഞ്ഞു. സക്കീര്‍ അഹമ്മദ് ഖിറാ അത്ത് നടത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം