വിദ്യാഭ്യാസ വീസയിലെത്തിയ വിദേശ ബിരുദധാരികളെ ബ്രിട്ടന്‍ പുറത്താക്കും
Monday, December 22, 2014 9:55 AM IST
ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍നിന്നു ബിരുദം നേടിയ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാന്‍ ബ്രിട്ടന്‍ പദ്ധതി തയാറാക്കുന്നു. നെറ്റ് സ്റുഡന്റ് മൈഗ്രേഷന്‍ പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു കടുംകൈ ആലോചിക്കുന്നത്.

യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ വിദേശത്തുനിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളതെങ്കില്‍ വര്‍ക്ക് വീസക്ക് അപേക്ഷിക്കണം. അത് രാജ്യത്തിനു പുറത്തുപോയി തന്നെ ചെയ്യുകയും വേണം എന്ന തരത്തിലാണ് പരിഷ്കാരം ആലോചിക്കുന്നത്. ഇപ്പോള്‍ ബ്രിട്ടനില്‍നിന്നു തന്നെ അപേക്ഷിക്കാന്‍ സൌകര്യമുണ്ട്. ഇത് എടുത്തുകളയാനാണ് പുതിയ നീക്കം.

പഠനത്തിനു ശേഷം വിദേശ വിദ്യാര്‍ഥികള്‍ മടങ്ങിപ്പോകുന്നു എന്ന് ഉറപ്പാക്കാത്ത കോളജുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും പിഴ ചുമത്താനും ഹോം സെക്രട്ടറി തെരേസ മേ മാര്‍ഗങ്ങള്‍ ആരായുന്നു എന്നാണ് വിവരം.

ഇതനുസരിച്ച് സ്റുഡന്റ് വീസയില്‍ ബ്രിട്ടനിലെത്തിയിട്ടുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് വലിയൊരു തിരിച്ചടി നേരിടേണ്ടി വരും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍