സൂറിച്ച് കൈസര്‍ ബാളില്‍ മലയാളികള്‍ നൃത്തം ചെയ്തു
Monday, December 22, 2014 9:56 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് കൈസര്‍ ബാള്‍ ക്ളബില്‍ വര്‍ഷം തോറും നടത്തിവരാറുള്ള രാജകീയ നൃത്തമാണ് കൈസര്‍ ബാള്‍. ഇത്തരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ തന്നെ ഏറ്റവും വലിയ പ്രദര്‍ശനവും ഇതുതന്നെയാണ്. 45-ാമത് കൈസര്‍ ബാളില്‍ ബിബിയ കക്കാട്ടും അലക്സാണ്ടര്‍ പടിക്കകുടിയും ചേര്‍ന്ന് മലയാളി ജോഡികള്‍ ബാള്‍ നൃത്തത്തില്‍ പങ്കെടുത്തത്.

സൂറിച്ചിലെ കോണ്‍ഗ്രസ് ഹൌസിലെ പാര്‍ക്കറ്റ് വിരിച്ച തറയില്‍ രാജകീയ നൃത്തത്തിന് വേദിയൊരുങ്ങിയപ്പോള്‍ സമൂഹത്തിലെ ഉന്നതരായ 1500 വിശിഷ്ടാതിഥികള്‍ കാണികളായെത്തി. വേദിയിലെ തത്മസയ സംഗീതത്തിനൊപ്പം 128 പേരാണ് ചുവടുവച്ചത്.

എട്ടു ജോഡികള്‍ ഓരോ നിരയായിനിന്ന് സമചതുരാകൃതിയില്‍ ചതുരംഗകളത്തിലെന്നപോലെയാണ് നൃത്തചുവടുകള്‍ മാറ്റുന്നത്. രാജകുമാരിമാരേയും രാജുകുമാരന്മേരേയും ഓര്‍മിപ്പിക്കുന്ന തരത്തില്‍ യുവതികള്‍ വെള്ള ഒറ്റഉടുപ്പണിഞ്ഞ മണവാട്ടിമാരും യുവാക്കള്‍ സ്മോക്കിംഗ് എന്നറിയപ്പെടുന്ന കറുത്ത കോട്ടുധരിച്ച മണവാളന്മാരുമായാണ് രംഗപ്രവേശനം നടത്തിയത്. മരിയാന കൈസറിന്റെ ചിട്ടയാര്‍ന്ന പരിശീലനം മൂലം കുറ്റമറ്റ അവതരണം അനായാസമായി നടത്താന്‍ 64 ജോഡി നര്‍ത്തകര്‍ക്കും സാധിച്ചു.

സിനിമാറ്റിക്, ക്ളാസിക് ഡാന്‍സുകളിലുള്ള അനുഭവം ബിബിയയ്ക്കും അലക്സാണ്ടര്‍ക്കും സൂറിച്ച് ബാളില്‍ വേഗത്തില്‍ ഇണങ്ങിചേരുവാന്‍ സഹായകമായി. കേരളത്തില്‍നിന്ന് ആദ്യമായാണ് ഒരുജോഡി നര്‍ത്തകര്‍ കൈസര്‍ ബാളില്‍ പങ്കെടുക്കുന്നതെന്ന് മരിയാന കൈസര്‍ പറഞ്ഞു.

ഷെവലിയര്‍ കക്കാട്ട് വര്‍ഗീസ് തോമസിന്റെയും സുമ കക്കാട്ടിന്റെയും മൂത്ത പുത്രിയാണ് ബിബിയ. സൂറിച്ചില്‍ എയ്റനോട്ടിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്. ഐടി വിദ്യാര്‍ഥിനിയായ നിമിഷ സഹോദരിയാണ്.

പടിക്കക്കുടി സജിയുടേയും മിനിയുടെയും മൂത്ത പുത്രനായ അലക്സാണ്ടര്‍ ബേണില്‍ ഐടി വിദ്യാര്‍ഥിയാണ്. സഹോദരന്‍ സാം പടിക്കക്കുടി ബേണില്‍ വിദ്യാര്‍ഥിയാണ്.