കൂട്ട മതപരിവര്‍ത്തനം: 'കാനാ' ആശങ്ക പ്രകടിപ്പിച്ചു
Saturday, January 10, 2015 5:02 AM IST
ഷിക്കാഗോ: സ്വഭവനത്തിലേക്കുള്ള മടക്കം എന്നര്‍ത്ഥമുള്ള 'ഘര്‍വാപസി' എന്ന ആകര്‍ഷക നാമം നല്‍കി ഇന്ത്യയിലെ ന്യൂനപക്ഷ മതവിശ്വാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്താനുള്ള തീവ്ര ഹിന്ദുത്വ സംഘടനകളുടെ നടപടിയില്‍ ക്നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ആശങ്ക രേഖപ്പെടുത്തി.

ജനുവരി ഏഴിന് നടത്തപ്പെട്ട സംഘടനയുടെ പ്രതിമാസ കോണ്‍ഫറന്‍സ് കോള്‍ മീറ്റിംഗില്‍ പങ്കെടുത്ത എല്ലാവരും, ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകളിലും നടപടികളിലും ഉത്കണ്ഠ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ പവിത്രവും ആഘോഷപൂര്‍വ്വവുമായി ആചരിക്കുന്ന ക്രിസ്തുമസ് ദിനം ഇത്തരം പ്രകോപനപരമായ നടപടികള്‍ക്കായി തെരഞ്ഞെടുത്തത് ഇന്ത്യയിലെ മതസൌഹാര്‍ദ്ദത്തിന് കോട്ടം വരുത്തുവാന്‍ ഇടയാക്കുമെന്ന് യോഗം വിലയിരുത്തി. കാനായുടെ ആശങ്ക ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ്കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവരെ അറിയിക്കാന്‍ യോഗം തീരുമാനിച്ചു. കാനാ പ്രസിഡന്റ് സാലു കാലായില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം