ജയ്ഹിന്ദ് വാര്‍ത്ത സാഹിത്യമത്സരം: ജോണ്‍ പോള്‍ ജൂറി അധ്യക്ഷന്‍
Sunday, January 11, 2015 7:37 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മലയാള പത്രമായ ജയ്ഹിന്ദ് വാര്‍ത്തയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന സാഹിത്യമത്സരത്തിന് പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അധ്യക്ഷനായ മൂന്നംഗ ജൂറി. തിരക്കഥാകൃത്തും സംവിധായകനുമായ പി.എഫ്. മാത്യൂസ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെക്കോബി എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരുപടി ചിത്രങ്ങള്‍ക്കു കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ള ജോണ്‍ പോള്‍ മലയാള സിനിമയുടെ തലയെടുപ്പാണ്. മലയാള സിനിമയെ ആഗോള തലത്തില്‍ പ്രശസ്തമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ഐ.വി. ശശി, ഭരതന്‍, പി.ജി. വിശ്വംഭരന്‍, മോഹന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരാണ് ജോണ്‍പോളിന്റെ കഥയ്ക്കും തിരക്കഥയ്ക്കും ദൃശ്യഭാഷ ഒരുക്കിയിട്ടുള്ളത്.

സംവിധാനം, തിരക്കഥ, രചന എന്നിവയില്‍ മലയാളത്തിന്റെ അഭിമാനമാണ് പി.എഫ്. മാത്യൂസ്. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ 2010 ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് മലയാളക്കരയിലേക്ക് എത്തിച്ച അദ്ദേഹത്തിന് ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര, സാഹിത്യമേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള പി.എഫ്. മാത്യൂസ് ഇപ്പോഴും തന്റെ സാഹിത്യസൃഷ്ടികള്‍ മലയാളികള്‍ക്കായി ഒരുക്കിക്കൊണ്ടിരിക്കുന്നു.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജെക്കോബി ജോണ്‍പോള്‍ മാര്‍പാപ്പയുമായി അഭിമുഖം നടത്തിയ അപൂര്‍വം പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്. പത്രപ്രവര്‍ത്തനത്തിനൊപ്പം ചെറുകഥാസമാഹം, ജീവചരിത്രം, തര്‍ജിമകള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവുകൂടിയാണദ്ദേഹം.

ജയ്ഹിന്ദ് വാര്‍ത്തയുടെ സാഹിത്യമത്സരത്തിന് അമേരിക്കന്‍ മലയാളികളുടെ വലിയപിന്തുണയായാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ നിരവധി രചനകളാണ് ലഭിച്ചിട്ടുള്ളത്. കഥാ, കവിതാ വിഭാഗങ്ങളിലാണ് മത്സരം. നൂറുകണക്കിന് എന്‍ട്രികള്‍ ലഭിച്ചിട്ടുണ്െടങ്കിലും രണ്ടുമാസത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്തും. വിജയികള്‍ക്ക് ജയ്ഹിന്ദ് വാര്‍ത്തയുടെ വാര്‍ഷിക ചടങ്ങിനോടനുബന്ധിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം