ഒട്ടകത്തിന്റെ ആക്രമണത്തില്‍ ടെക്സസില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു
Monday, January 12, 2015 4:17 AM IST
വിചിറ്റ കൌണ്ടി(ടെക്സസ്): നോര്‍ത്ത് ടെക്സസ് കാമല്‍ കിസ്ഡ് ഫാമില്‍ വളര്‍ത്തിയിരുന്ന ഒട്ടകത്തിന്റെ ആക്രമണത്തില്‍ ഫാം ഉടമ പെഗി മക്ക്നയ്ര്‍ (72) സുഹൃത്ത് മാര്‍ക്ക് മിയര്‍ (53) എന്നിവര്‍ കൊല്ലപ്പെട്ടു.

ജനുവരി പത്തിന് ശനിയാഴ്ചയായിരുന്നു സംഭവം. ഫാമിനകത്തേക്ക് പ്രവേശിച്ച ഉടമയെ പെട്ടെന്ന് പ്രകോപിതനായ ഒട്ടകം ആക്രമിക്കുകയായിരുന്നു. നിലത്തു വീണ ഉടമയെ ഒട്ടകം തുടര്‍ച്ചയായി ചവിട്ടുകയും ചെയ്തു. ഇതിനിടയില്‍ ഫാമിന്റെ ഗേറ്റ് പൂട്ടുന്നതിന് ശ്രമിച്ച സുഹൃത്തിന് നേരേയും ഒട്ടകം തിരിഞ്ഞു. ഇരുവരേയും ഒട്ടകം ചവിട്ടി താഴെയിട്ടു.

കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പൊലീസ് ഒട്ടകത്തെ നിയന്ത്രിക്കുവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് അക്രമണക്കാരിയായ ഒട്ടകത്തെ വെടിവെയ്ക്കുകയായിരുന്നു.

വിചിറ്റ ഫോള്‍സ് കൌണ്ടി ഷെറിഫ് ഓഫിസില്‍ നിന്നാണ് ഈ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. സംഭവ സ്ഥലത്തു തന്നെ മരിച്ച ഇരുവരുടേയും ശരീരങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ടറന്റ് കൌണ്ടിയിലേക്കു അയച്ചതായും പൊലീസ് വെളിപ്പെടുത്തി. ഒട്ടകത്തിന്റെ ചവിട്ടേറ്റു രണ്ടു പേര്‍ മരിക്കുന്ന സംഭവം ആദ്യമായാണ് ഫാമില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍