ഡാളസില്‍ മാര്‍ത്തോമ സൌത്ത് വെസ്റ് റീജണല്‍ കോണ്‍ഫറന്‍സ് ഫെബ്രുവരി 20, 21 തീയതികളില്‍
Monday, January 12, 2015 9:51 AM IST
ഡാളസ്: യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷന്‍ എന്നീ സംഘടനകളുടെ ഏകോപിത സൌത്ത് വെസ്റ് റീജിയണല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി കോണ്‍ഫറന്‍സ് കണ്‍വീനര്‍മാരായ റവ. ഒ.സി കുര്യന്‍, വിനോദ് ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.

ഫെബ്രുവരി 20, 21 തിയതികളില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയില്‍ നടത്തുന്ന ദ്വിദിന കോണ്‍ഫറന്‍സ് വളരെ അനുഗ്രഹിക്കപ്പെട്ടതാവുമെന്നാണ് സംഘാടകരുടെ അഭിപ്രായം.

നോര്‍ത്ത് അമേരിക്കന്‍ സൌത്ത് വെസ്റ് റീജിയണിലെ വിവിധ പള്ളികളില്‍ നിന്നുമായി നല്ലൊരു ജനവിഭാഗത്തെയാണ് പ്രതീക്ഷിക്കുന്നത്.

പ്രവാസ ജീവിതത്തിലെ ക്രിസ്തീയ സ്വാധീനം എന്നതാണ് മുഖ്യ വിഷയം. ഇതിനെ ആസ്പതമാക്കി റവ. കൊച്ചു കോശി (ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച്, ഹുസ്റോണ്‍), റവ. സാജു മാത്യു (ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച്, ഹുസ്റോണ്‍) എന്നിവര്‍ പ്രസംഗങ്ങളും ചര്‍ച്ചകളും നയിക്കും. ക്രമീകരിച്ചിരിക്കുന്ന വേദ പഠന ക്ളാസുകള്‍ റവ. സാം മാത്യുവിന്റെ (ഡാളസ് മാര്‍ത്തോമ ചര്‍ച്ച്) നേതൃത്വത്തില്‍ നടക്കും.

യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായി നടത്തുന്ന സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാ വിശ്വാസികളുടെയും പ്രാര്‍ഥനയും സഹകരണവും സംഘാടകര്‍ ആവശ്യപെട്ടു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ