യുഎസ് '2015 സ്പെയ്സ് പയനീര്‍ അവാര്‍ഡ്' ഇന്ത്യന്‍ മാര്‍സ് ഓര്‍ബിറ്റര്‍ പ്രോഗ്രാമിന്
Wednesday, January 14, 2015 10:08 AM IST
വാഷിംഗ്ടണ്‍: യുഎസ് നാഷണല്‍ സ്പെയ്സ് സൊസൈറ്റി ജനുവരി 12 ന് പ്രഖ്യാപിച്ച '2015 സ്പെയ്സ് പയനീര്‍ അവാര്‍ഡ്' ഇന്ത്യയുടെ വിജയകരമായ മാര്‍സ് പ്രോഗ്രാമിന് നേതൃത്വം നല്‍കിയ മൈല്‍ സ്വാമി അണ്ണാദുരെ തലവനായുളള ഐഎസ്ആര്‍ഒ ടീമിന് ലഭിച്ചു. സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ സ്പെയ്സ് സൊസൈറ്റി നല്‍കുന്ന പരമോന്നത ബഹുമതിക്കാണ് മാര്‍സ് ഓര്‍ബിറ്റര്‍ പ്രോഗ്രാം അര്‍ഹമായത്.

മേയ് 20 മുതല്‍ 24 വരെ ടൊറന്റോയില്‍ നടക്കുന്ന മുപ്പത്തിനാലാമത് ഇന്റര്‍ നാഷണല്‍ സ്പെയ്സ് ഡെവലപ്മെന്റ് കോണ്‍ഫറന്‍സില്‍ ഐഎസ്ആര്‍ഒ പ്രതിനിധി അവാര്‍ഡ് ഏറ്റുവാങ്ങും.

2013 നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മാര്‍സ് ഓര്‍ബിറ്റര്‍ 2014 സെപ്റ്റംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചു. പ്ളാനറ്റിന്റെ വര്‍ണ ചിത്രങ്ങള്‍ അയച്ചത് ലോക രാഷ്ട്രങ്ങള്‍ ജിജ്ഞാസയോടെയാണ് നോക്കി കണ്ടത്. വാനശാസ്ത്ര ഗവേഷണത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ക്കുളള ഒരു അംഗീകാരം കൂടിയാണ് ഈ അവാര്‍ഡിലൂടെ നേടിയെടുത്തത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍