ടെക്സസില്‍ പോലീസ് വാഹനം ട്രെയിനിലിടിച്ച് 10 മരണം
Thursday, January 15, 2015 6:04 AM IST
ടെക്സസ്: ടെക്സസില്‍ പോലീസ് വാഹനം ട്രെയിനിലിടിച്ച് 10 പേര്‍ മരിച്ചു. ഏബിലില്‍ മിഡില്‍ടണ്‍ യൂണിറ്റില്‍ നിന്നു 12 തടവുകാരേയും മൂന്നു കറക്ഷനല്‍ ഓഫീസര്‍മാരേയും വഹിച്ച് എല്‍പാസോയിലേക്ക് പുറപ്പെട്ട പോലീസ് വാഹനം ഇന്റര്‍ സ്റേറ്റ് ട്വന്റിയില്‍ അതിവേഗത്തില്‍ വന്നിരുന്ന ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്..

ജനുവരി 14 ന് (ബുധന്‍) രാവിലെ 7.30 നായിരുന്നു സംഭവം. രാവിലെ അതിവേഗത്തില്‍ സഞ്ചരിച്ചിരുന്ന പോലീസ് വാഹനം റോഡിലുളള ഐസില്‍ തട്ടി തെന്നിമാറി താഴെയുളള റെയില്‍ പാളത്തില്‍ പതിച്ചു. ഇതേസമയം റെയില്‍ പാളത്തിലൂടെ സഞ്ചരിച്ചിരുന്ന ട്രെയിന്‍ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചുതന്നെ എട്ടു തടവുകാരും രണ്ടു ഓഫീസര്‍മാരും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നാലു തടവുപുളളികളേയും ഒരു ഓഫീസറേയും അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്രിസ്റ്റഫര്‍ ഡേവിസ്(53), എലൈജൊ ഗാര്‍സിയ (45) എന്നിവരാണ് കൊല്ലപ്പെട്ട ഓഫീസര്‍മാര്‍. ജോസന്‍ സെല്‍ഫ് (38) എന്ന ഉദ്യോഗസ്ഥനാണ് ആശുപത്രിയില്‍ കഴിയുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും മെക്സിക്കോയില്‍ നിന്നുളളവരാണ്. ഇന്ത്യക്കാര്‍ ആരും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.

ടെക്സസ് ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്ക് അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും അവര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്യണമെന്ന്് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍