മഞ്ഞിനിക്കര കബറിങ്കലേക്ക് തീര്‍ഥാടനം
Monday, January 19, 2015 7:13 AM IST
ലോസ്ആഞ്ചലസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ലോസ് ആഞ്ചലസ് സെന്റ് മേരീസ് പളളി വികാരി വെരി റവ. ചോറാറ്റില്‍ സാബു തോമസ് കോര്‍ എപ്പിസ്കോപ്പായുടെ നേതൃത്വത്തില്‍ മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ മാര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ ബാവായുടെ കബറിങ്കലേക്ക് തീര്‍ഥയാത്ര നടത്തുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി സെന്റ് മേരീസ് പളളിയിലെ ഏതാനും കുടുംബങ്ങള്‍ ഒത്ത് ചേര്‍ന്ന് ആരംഭിച്ച തീര്‍ഥാടനത്തില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഭക്ത ജനങ്ങള്‍ സംബന്ധിച്ചു വരുന്നു. വര്‍ഷം തോറും മലങ്കരയിലെ വിവിധ മേഖലകളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഈ കാല്‍നട തീര്‍ഥയാത്രയില്‍ പങ്കു ചേരുന്നത്.

ഫെബ്രുവരി 12ന് തിരുവല്ലായിലെ വളളംകുളത്തുനിന്ന്, വടക്കന്‍ മേഖലാ തീര്‍ഥാടകരോടൊത്ത് അമേരിക്കന്‍ അതിഭദ്രാസനത്തില്‍ നിന്നും സംബന്ധിക്കുന്ന വിശ്വാസികളും ഒത്തുചേര്‍ന്ന് കാല്‍ നടയായി 13ന് രാവിലെ മഞ്ഞിനിക്കര കബറിങ്കല്‍ എത്തിച്ചേരുന്നു.

തീര്‍ഥാടനത്തില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ താത്പര്യമുളളവര്‍ 818 633 4986 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് റവ. സാബു തോമസ് കോര്‍ എപ്പിസ്കോപ്പാ അറിയിച്ചു. അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍