റെനി ജോസിന്റെ തിരോധാനം: ജെഎഫ്എ അടുത്ത നടപടിയിലേക്ക്
Tuesday, January 27, 2015 5:46 AM IST
ആല്‍ബനി (ന്യൂയോര്‍ക്ക്): 2014 മാര്‍ച്ച് മൂന്നിന് ഫ്ളോറിഡയിലെ പാനമ ബീച്ചിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസ യാത്ര പോകുകയും അവിടെ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും ചെയ്ത റെനി ജോസിനെക്കുറിച്ച് നാളിതുവരെയായിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജസ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ.) ഈ വിഷയത്തില്‍ ഇടപെടുകയും, കൂടുതല്‍ അന്വേഷണത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ജനുവരി 25 ഞായറാഴ്ച ആല്‍ബനി കൌെണ്ടിയിലെ ലേഥമിലുള്ള റെനി ജോസിന്റെ വസതിയില്‍ മാതാപിതാക്കളും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ജസ്റിസ് ഫോര്‍ ഓള്‍ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, സിസിലി കൂവള്ളൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ മൊയ്തീന്‍ പുത്തന്‍ചിറ, ബെന്നി തോട്ടം, രാധാകൃഷ്ണന്‍ നായര്‍, ടോണി വാച്ചാപ്പറമ്പില്‍, ആന്‍ തോമസ്, റെനിയുടെ മാതാപിതാക്കളായ ജോസ് ജോര്‍ജ്, ഷെര്‍ലി ജോസ്, സഹോദരി രേഷ്മാ ജോസ്, ജോസഫ് തൈക്കല്‍, ഓമന തൈക്കല്‍ എന്നിവരാണ് അടുത്ത നടപടിയെക്കുറിച്ച് കൂടിയാലോചന നടത്തിയത്.

ഹൂസ്റണിലെ റൈസ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ റെനി സഹപാഠികളും സുഹൃത്തുക്കളുമായ 21 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഫ്ളോറിഡയിലേക്ക് ഉല്ലാസ യാത്ര പോയത്. റെനിയെ കാണാതായ 2014 മാര്‍ച്ച് 3നു നാലു പേരൊഴികെ മറ്റെല്ലാവരും പെട്ടെന്ന് സ്ഥലം വിട്ടത് ദുരൂഹമാണെന്ന് ജോസും ഷെര്‍ലിയും ഈ കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരും വിശ്വസിക്കുന്നു. തന്നെയുമല്ല, റെനിയുടെ അടുത്ത സുഹൃത്തുക്കളെന്നു പറയുന്നവര്‍ പോലീസിനോടും റെനിയുടെ മാതാപിതാക്കളോടും പരസ്പര വിരുദ്ധമായ വിവരങ്ങളാണ് നല്‍കിയതെന്നും പറയുന്നു. റെനിയെ കാണാതായ പ്രദേശത്തെ പോലീസ് ശരിയായ ദിശയിലല്ല കേസ് അന്വേഷിച്ചതെന്നും, ഈ കേസ് വെറുമൊരു ഭമിസിംഗ് പെഴ്സണ്‍' വകുപ്പില്‍ പെടുത്താനും ശ്രമം നടക്കുന്നുണ്െടന്ന് സംശയിക്കുന്നതായി ജോസും ഷെര്‍ലിയും പറഞ്ഞു.

റെനിയുടെ കൂടെ ഫ്ളോറിഡയിലേക്ക് പോയവര്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പോയെങ്കിലും അവരില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമോ എന്നറിയാന്‍ രേഷ്മ തീവ്രശ്രമം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല എന്ന് പറഞ്ഞു. എല്ലാവര്‍ക്കും റെനിയുടെയും കുടുംബത്തിന്റേയും ഫോട്ടോകളടങ്ങിയ പുതുവത്സര കാര്‍ഡുകളും എഴുത്തും അയച്ചെങ്കിലും ആരും തന്നെ അതിന് മറുപടി നല്‍കുകയോ അവ കിട്ടിയതായി അറിയിക്കുകയോ പോലും ചെയ്തില്ല എന്നും രേഷ്മ പറഞ്ഞു.

ലോക്കല്‍ പോലീസില്‍ നിന്നോ പാനമ ബീച്ച് സ്ഥിതി ചെയ്യുന്ന ബേ കൌെണ്ടി ഷരീഫ് ഓഫീസില്‍ നിന്നോ നീതി ലഭിക്കാന്‍ സാധ്യതയില്ല എന്നു മനസ്സിലാക്കിയ റെനിയുടെ മാതാപിതാക്കള്‍ ഈ കേസ് എഫ്.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവുമായി സെനറ്റര്‍, കോണ്‍ഗ്രസ്മാന്‍ എന്നിവരുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും അവരില്‍ നിന്നും അനുകൂല നടപടികള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നു പറയുന്നു. ഈ സാഹചര്യത്തിലാണ് ജെ.എഫ്.എ. ഈ കേസില്‍ ഇടപെട്ടതും തുടര്‍നടപടികള്‍ക്കായി ആലോചനാ യോഗം കൂടുകയും ചെയ്തത്.

അധികൃതരുടെ അനാസ്ഥയും കേസ് അന്വേഷിക്കുന്നതിലെ താല്പര്യക്കുറവും കണക്കിലെടുത്ത് അടുത്ത നടപടിയായി പാനമ സിറ്റി, ബേ കൌെണ്ടി, ഫ്ളോറിഡ സംസ്ഥാനം എന്നിവര്‍ക്കെതിരായി കേസ് ഫയല്‍ ചെയ്യണമെന്ന അഭിപ്രായമാണ് എല്ലാവരും മുന്നോട്ടു വെച്ചത്. അതോടൊപ്പം ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍, കോണ്‍ഗ്രസ്മാന്‍ എന്നിവരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി എഫ്.ബി.ഐ. ഈ കേസ് ഏറ്റെടുത്ത് സത്വര നടപടികള്‍ കൈക്കൊള്ളാനുള്ള സംവിധാനം ഒരുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ