സീറോ മലബാര്‍ കത്തീഡ്രലില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി
Tuesday, January 27, 2015 5:49 AM IST
ഷിക്കാഗോ: ജീവിതത്തിലും മരണത്തിലും ക്രിസ്തുസാക്ഷ്യം സധൈര്യം നല്‍കിയ സെബസ്ത്യാനോസ് സഹദായുടെ തിരുനാള്‍ ഏറെ വിശ്വാസത്തോടും ഭക്തിയോടും കൂടി ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക ആചരിച്ചു. കത്തീഡ്രല്‍ ഇടവകയുടെ മുന്‍ വികാരിയും, രൂപതയുടെ മുന്‍ വികാരി ജനറാളും അമേരിക്കയിലെ എം..എസ്.ടി സഭയുടെ ഡയറക്ടറുമായ റവ.ഫാ. ആന്റണി തുണ്ടത്തില്‍ കാര്‍മികത്വം വഹിച്ചു.

കത്തീഡ്രില്‍ നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച് ഇടവകയെ ഏറെക്കാലം നയിച്ച ആന്റണി തുണ്ടത്തിലച്ചന്റെ സാന്നിധ്യം സന്തോഷമേകുന്നതായും, നന്ദി പറയുന്നതായും അസി. വികാരി റവ.ഫാ. റോയ് മൂലേച്ചാലില്‍ പറഞ്ഞു.

തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുസ്വരൂപവും അമ്പുകളും വഹിച്ചുള്ള പ്രദക്ഷിണം, കഴുന്നെടുക്കല്‍, നേര്‍ച്ച എന്നിവ തനി കേരളീയ തനിമയില്‍ ചെണ്ടമേളത്തിന്റേയും, മുത്തുക്കുടകളുടേയും അകമ്പടിയോടെ നടന്നു. വിശ്വാസികള്‍ക്ക് ഒരാഴ്ച മുമ്പേ വീടുകളിലേക്ക് കഴുന്ന് കൊണ്ടുപോയി പ്രാര്‍ത്ഥിക്കുവാനുള്ള സൌകര്യവും ഒരുക്കിയിരുന്നു.

അതിരമ്പുഴ ഇടവക നിവാസികളാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ലിറ്റര്‍ജി, ഗായകസംഘം, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, അനേകം വോളന്റിയര്‍മാര്‍ എന്നിവര്‍ തിരുനാള്‍ മോടിയാക്കാന്‍ സഹകരിച്ചു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം