അമേരിക്കയില്‍ ഫുഡ്സ്റ്റാമ്പിന്റെ ആനുകൂല്യം ലഭിക്കുന്നവര്‍ 46.5 മില്യണ്‍
Wednesday, January 28, 2015 6:21 AM IST
വാഷിങ്ടണ്‍: ലഭ്യമായ സ്ഥിതി വിവരകണക്കുകളനുസരിച്ച് അമേരിക്കയിലെ ഏകദേശം 325 മില്യണ്‍ ജനങ്ങളില്‍ 46.5 മില്യണ്‍ ഫുഡ് സ്റ്റാമ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതായി യുഎസ്ഡിഎ അടുത്തയിടെ പ്രസിദ്ധീകരിച്ച സര്‍വെയില്‍ പറയുന്നു.

അതിരൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പിടിമുറുക്കിയതോടെ അമേരിക്കയിലെ ഏഴില്‍ ഒരാള്‍ വീതം ഫുഡ് സ്റ്റാമ്പ് ഉപയോഗിച്ചാണ് ആവശ്യമായ ഗ്രോസറികള്‍ വാങ്ങുന്നത്.

താഴ്ന്ന വരുമാനക്കാര്‍ക്കും താല്ക്കാലിക ജീവനക്കാര്‍ക്കും മറ്റു ചിലവുകള്‍ക്കു പുറമെ, ഗ്രോസറി വാങ്ങുന്നതിനുളള പണം ലഭ്യമാക്കുന്നതിന് സപ്ളിമെന്റില്‍ ന്യുട്രീഷന്‍ അസിസ്റ്റന്റ് പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായാണ് ഫുഡ് സ്റ്റാമ്പ് നല്‍കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്.

വ്യക്തിഗത മാസ, വാര്‍ഷിക ഗ്രോസ് ഇന്‍കം യഥാക്രമം 1265, 15180 ഡോളറില്‍ കവിയാത്തവര്‍ക്ക് ഈ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കും. നാലു പേരടങ്ങുന്ന ഒരു കുടുംബമാണെങ്കില്‍ ഇത് യഥാക്രമം 2584, 31008 ഡോളറില്‍ കവിയരുത്. സ്ഥിരമായ മറ്റേതെങ്കിലും വരുമാനമുളളവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുകയില്ല. ബാങ്കില്‍ നിശ്ചിത തുകയില്‍ കൂടുതല്‍ ഉളളവര്‍ക്കും ഇത് ലഭ്യമല്ല.

അമേരിക്കയില്‍ 22.7 മില്യണ്‍ വ്യക്തികള്‍ക്ക് ശരാശരി 123.74 ഡോളറും കുടുംബത്തിന് 257 ഡോളറും ഈ പദ്ധതിയനുസരിച്ച് ഗ്രോസറി വാങ്ങുവാന്‍ ലഭിക്കും.

ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ കുറിച്ചുളള അജ്ഞതയോ, അഭിമാനത്തിന് ക്ഷതമേല്ക്കുമോ എന്ന ഭയമോ പലരേയും ഫുഡ് സ്റ്റാമ്പിന് അപേക്ഷ നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ഫുഡ് സ്റ്റാമ്പ് ലഭിക്കുന്നവര്‍ ഈ വിവരം മറ്റുളളവര്‍ക്ക് കൈമാറുന്നതിനും താത്പര്യം കാണിക്കുന്നില്ല.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍