ഹൂസ്റന്‍ എന്‍എസ്എസ് മന്നം ജയന്തി ആഘോഷം ശ്രദ്ധേയമായി
Wednesday, January 28, 2015 6:23 AM IST
ഹൂസ്റണ്‍: മന്നത്ത് പദ്മനാഭന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന സന്ധ്യയില്‍ ഏഴു തിരിയിട്ട വിളക്കിനു മുന്‍പില്‍ നടന്ന മന്നം ജയന്തി ആഘോഷം ശ്രദ്ധേയമായി. മന്നത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുതു തലമുറയ്ക്ക് പ്രചോദനം പകരുന്നതാവണം എന്ന് പ്രസിഡന്റ് മാധവ് ദാസ് ആമുഖ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു .മന്നത്ത് പദ്മനാഭന്റെ ജീവ ചരിത്രവും അതിന്റെ സമകാലിക പ്രാധാന്യവും വിവരിക്കുന്ന അവതരണം രഞ്ജിത് നായര്‍ നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റ് ഹരിഹരന്‍ നായര്‍, ആറന്മുള ഗോപാലകൃഷ്ണന്‍ എന്നിവരും മന്നത്തെ അനുസ്മരിച്ചു സംസാരിച്ചു.

മന്നത്തു പദ്മനാഭന്‍ എന്‍ എസ് എസിനും സമുദായത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികളെല്ലാവരും ഏവരുടെയും പ്രശംസക്ക് പാത്രമായി. കൃഷ്ണേന്ദു സായിനാഥ്, ആര്യ നായര്‍, ഹരിനന്ദന്‍ സായിനാഥ് എന്നിവരാണ് ആചാര്യ അനുസ്മരണം നടത്തിയത്.

എന്‍എസ്എസ് അംഗങ്ങള്‍ എല്ലാവരും മന്നത്തിന്റെ സ്മൃതി ചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി.തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം മന്നത്തിന്റെയും എന്‍എസ്എസിന്റെയും ചരിത്രത്തെ ആസ്പദമാക്കി പ്രശ്നോത്തരി സംഘടിപ്പിച്ചു. പ്രസിഡന്റ് മാധവ് ദാസ് സമ്മാന വിതരണം നടത്തി. ഹരി ശിവരാമന്‍ എംസി ആയ ചടങ്ങില്‍ സെക്രട്ടറി അജിത് നായര്‍ അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം