ഐഎന്‍ഒസി ടെക്സാസ് ചാപ്റ്റര്‍ റിപ്പബ്ളിക് ദിനം ആഘോഷിച്ചു
Thursday, January 29, 2015 4:24 AM IST
ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(ഐഎന്‍ഒസി) ടെക്സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ജനുവരി 26 ന് വൈകിട്ട് ആറിന് സ്റ്റാഫോഡിലുളള തനിമ ഇന്ത്യന്‍ റെസ്റ്ററന്റില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.

ഇന്ത്യയുടെ ഭരണഘടനയും ഭരണഘടനാ മൂല്യങ്ങളും ലോകത്തിലെ പല രാജ്യങ്ങള്‍ക്കും മാതൃകയാണെന്നും ആറര പതിറ്റാണ്ടു കൊണ്ട് ലോകരാജ്യങ്ങളുടെ മുന്‍പന്തിയിലേക്ക് ഉയര്‍ന്നു കൊണ്ടിരിയ്ക്കുന്ന ഇന്ത്യയുടെ പുരോഗതിയില്‍ അഭിമാനം കൊളളണമെന്നും ജോസഫ് ഏബ്രഹാം പറഞ്ഞു.

തുടര്‍ന്ന് ഇന്ത്യ അന്നും ഇന്നും എന്ന വിഷയത്തെ അധികരിച്ച് പൊതുചര്‍ച്ച നടന്നു. ചര്‍ച്ചകളില്‍ ഏബ്രഹാം ഈപ്പന്‍, ഏബ്രഹാം തോമസ്, വി. വി. ബാബുക്കുട്ടി, പൊന്നുപ്പിളള മാധ്യമപ്രവര്‍ത്തകന്‍ ബ്ളസന്‍ ഹൂസ്റ്റന്‍ എന്നിവര്‍ സജീവമായി പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി ജീമോന്‍ റാന്നി നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി