ജര്‍മനിയിലെ മിനിമം വേതനം പോളണ്ടിനു തലവേദന
Saturday, January 31, 2015 10:22 AM IST
വാഴ്സോ: ജര്‍മനിയില്‍ മണിക്കൂറിന് എട്ടര യൂറോ എന്ന മിനിമം വേതനം നിയമം മൂലം നടപ്പാക്കിയതു പോളിഷ് ട്രക്ക് ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. ഡ്രൈവര്‍മാര്‍ ജര്‍മനിയില്‍ വാഹനം ഓടിക്കുന്ന സമയത്ത് അവിടുത്തെ കുറഞ്ഞ കൂലി നല്‍കാന്‍ സാധ്യമല്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഉടമകള്‍.

എന്നാല്‍, ജര്‍മനിയില്‍ വാഹനം ഓടുമ്പോള്‍ ജര്‍മനിയിലെ മിനിമം വേതനത്തിനുള്ള അര്‍ഹത ഡ്രൈവര്‍മാര്‍ക്കുണ്ടെന്നാണു ജര്‍മന്‍ തൊഴില്‍ മന്ത്രാലയം പറയുന്നത്. അതേസമയം, ജര്‍മനിയില്‍നിന്നു ഫ്രാന്‍സിലേക്കോ സ്പെയ്നിലേക്കോ ട്രക്കുമായി പോകുന്ന ജര്‍മന്‍ ഡ്രൈവര്‍മാര്‍ക്ക് അവിടങ്ങളിലെ മിനിമം വേതനം നിര്‍ബന്ധമാക്കിയിട്ടുമില്ല.

ജര്‍മനിയുടെ പല ഭാഗങ്ങളിലും വിദേശ തൊഴില്‍ദാതാക്കള്‍ തൊഴില്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് അധികൃതര്‍ക്കു മുന്‍കൂട്ടി എഴുതി നല്‍കണമെന്നു നിര്‍ബന്ധമാണ്. ഇതു നല്‍കാന്‍ കഴിയാത്തവര്‍ക്ക് അനുമതി നിഷേധിക്കപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍