ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പ്രവാസി മലയാളിക്ക് അംഗീകാരം
Wednesday, February 4, 2015 10:14 AM IST
മെല്‍ബണ്‍: കഴിഞ്ഞ ഏഴു വര്‍ഷമായി നിശബ്ദ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ മലയാളികള്‍ക്കു മാതൃകയായ സജി മുണ്ടയ്ക്കലിനു സ്വന്തം നാട്ടില്‍ അംഗീകാരം.

കോട്ടയം ജില്ലയിലെ പുന്നത്തുറ സെന്റ് തോമസ് പള്ളിയുടെ ഇടവക ദിനത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ മോന്‍സ് ജോസഫ്, സജി മുണ്ടയ്ക്കലിനെ പൊന്നോട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി ഫാ. സോണി മുണ്ടയ്ക്കല്‍ സ്വാഗതം ആശംസിച്ചു. അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ചാമക്കാല, ജില്ലാ പഞ്ചായത്ത് അംഗം സിറിള്‍ ജോസ്, അയര്‍ക്കുന്നം പഞ്ചായത്ത് അംഗം ശ്രീധരന്‍ നായര്‍, ജോമോന്‍ പാലേറ്റില്‍, സോണി വര്‍ഗീസ് എന്നിവര്‍ ആശംസ നേര്‍ന്നു പ്രസംഗിച്ചു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠിക്കാന്‍ സമര്‍ഥരായ വിദ്യാര്‍ഥികളെ ഉപരിപഠനത്തിനു സഹായിക്കാനുള്ള പദ്ധതിയാണു മുണ്ടയ്ക്കന്‍സ് ഗിഫ്റ്റ് ഹൌസിലൂടെ സജി മുണ്ടയ്ക്കന്‍ ചെയ്തുവരുന്നത്. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം മുമ്പ് നിര്‍ധനരായ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് നല്‍കി ജോസ് കെ. മാണി എംപി ചാരിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചിരുന്നു. രണ്ടു വര്‍ഷം മുമ്പ് പുന്നത്തുറ സെന്റ് തോമസ് ഇടവകദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കു ലാപ്ടോപ്പ് നല്‍കിയ ചടങ്ങ് മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചിരുന്നു. നവജീവന്‍ ട്രസ്റ്, വിവിധ അംഗതിമന്ദിരങ്ങള്‍ ഇവയ്ക്കെല്ലാം സജി സഹായം ചെയ്തുവരുന്നു.

മെല്‍ബണിലെ സാമൂഹ്യ, സാംസ്കാരിക, ബിസിനസ് രംഗത്തും സജി മുണ്ടയ്ക്കന്‍ സാന്നിധ്യമറിയിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ സെക്രട്ടറി, പ്രവാസി കേരള കോണ്‍ഗ്രസ് കോഓര്‍ഡിനേറ്റര്‍ തുടങ്ങി വിവിധ പ്രസ്ഥാനങ്ങളിലൂടെ സജി മുണ്ടയ്ക്കന്‍ മെല്‍ബണില്‍ സാന്നിധ്യമായി മാറുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍