യുഐഎ വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും
Wednesday, February 4, 2015 10:15 AM IST
സിഡ്നി: യുണൈറ്റഡ് ഇന്ത്യന്‍ അസോസിയേഷന്റെ (യുഐഎ) ഇരുപതാമത് വാര്‍ഷികാഘോഷവും അവാര്‍ഡ്ദാനും ബ്ളാക്ക്ടൌണ്‍ ബൌമാന്‍ ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. യുഐഎയുടെ ഈ വര്‍ഷത്തെ അവാര്‍ഡിനായി സിഡ്നി മലയാളി അസോസിയേഷന്റെ നോമിനികളായ രാമന്‍ കൃഷ്ണയ്യര്‍ (ഔട്ട്സ്റാന്‍ഡിംഗ് പേഴ്സണ്‍ ഓഫ് ദ ഇയര്‍), കെ.പി ജോസ് (കമ്യൂണിറ്റി വര്‍ക്കര്‍ ഓഫ് ദ ഇയര്‍), രോഹിത് റോയ് (ഹൈ അച്ചീവ്മെന്റ് അവാര്‍ഡ്) എന്നിവര്‍ക്കു മലയാളി സമൂഹത്തില്‍നിന്ന് അവാര്‍ഡുകള്‍ ലഭിച്ചു.

സിഡ്നി മലയാളി അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയും (1976) പത്ര പ്രവര്‍ത്തകനും സാമൂഹികപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യവുമായ രാമന്‍ കൃഷ്ണയ്യരുടെ നിസ്വാര്‍ഥ സേവനങ്ങള്‍ക്കാണ് ആദരം ലഭിച്ചത്.

സിഡ്നി മലയാളി അസോസിയേഷന്റെ തലപ്പത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ച കെ.പി. ജോസ് നടത്തിയ മികവുറ്റതും നിസ്വാര്‍ഥവുമായ സേവനങ്ങള്‍ക്കാണു ബഹുമതി ലഭിച്ചത്.

സിഡ്നിയിലെ മലയാളിവിദ്യാര്‍ഥികളില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതിനാണു രോഹതിന് അംഗീകാരം.

സിഡ്നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബാബു വര്‍ഗീസും എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡുജേതാക്കളെ അഭിനന്ദിച്ചു.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് സുധീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുടിയേറ്റകാര്യ മന്ത്രി വിക്ടര്‍ ഡോമിനെല്ലോ മുഖ്യ പ്രഭാഷണം നടത്തി. മേയര്‍, എംപിമാര്‍, കൌണ്‍സിലര്‍മാര്‍, സാമൂഹ്യ,രാഷ്ട്രീയ, കായിക രംഗത്ത പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ സൈമണ്‍ കാറ്റിച്ച് അവാര്‍ഡുകള്‍ സമ്മാനിച്ചു. യുഐഎ പ്രസിഡന്റ് ജോണ്‍ കെന്നഡി സ്വാഗതവും യൂത്ത് വിംഗ് പ്രസിഡന്റ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: വര്‍ഗീസ് മംഗലത്തില്‍