ഇര്‍വിങ്ങ് പൊലീസ് ഓഫിസറെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
Thursday, February 5, 2015 6:05 AM IST
ഇര്‍വിങ്ങ്(ഡാളസ്): രണ്ടായിരാമാണ്ടില്‍ ക്രിസ്മസ് രാവില്‍ ഇര്‍വിങ്ങ് പൊലീസ് ഓഫിസറെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഡൊണാള്‍ഡ് ന്യു ബെറിയുടെ വധശിക്ഷ ഹണ്‍ഡസ് വില്ല ജയിലില്‍ നടപ്പാക്കി.

ടെക്സാസ് സെവന്‍ എന്നറിയപ്പെടുന്ന ഏഴു പ്രതികള്‍ ക്രിസ്മസ് രാവിലാണ് ജയിലില്‍ നിന്നു രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിനിടെ ഇര്‍വിങ്ങ് പൊലിസ് ഓഫിസറെ വധിച്ചു. പ്രതികളെല്ലാവരേയും പൊലീസ് പിന്നീടുപിടികൂടി. ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കേസായിരുന്നു ഇത്. ഈ കേസില്‍ 7 പ്രതികളേയും കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഒരു പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു. ഇന്നത്തെ വധശിക്ഷയോടെ മൂന്ന് പ്രതികളുടെ ശിക്ഷ നടപ്പാക്കി മൂന്ന് പേര്‍ കൂടി ഈ കേസില്‍ വധശിക്ഷയും കാത്ത് ജയിലില്‍ കഴിയുന്നു.

2012-ല്‍ ന്യു ബെറിയുടെ വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. കോടതി സ്റ്റേ നല്‍കിയതിനാലാണ് ഇതു വരെ നടപ്പാക്കന്‍ കഴിയാതിരുന്നത്. ഇന്നും കോടതിയില്‍ സ്റ്റേക്കായി അപേക്ഷ നല്‍കിയെങ്കിലും കോടതി നിരാകരിച്ചു. വിഷ മിശ്രിതം സിരകളില്‍ പ്രവേശിച്ചു നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു. വധശിക്ഷ നടപ്പാക്കുമ്പോള്‍ പോലീസ് ജയിലിനപ്പുറം സംരക്ഷണ വലയം തീര്‍ത്തിരുന്നു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍