ഒക്ലഹോമയില്‍ ഫ്ളു മരണം 68 ആയ
Friday, February 6, 2015 10:05 AM IST
ഒക്ലഹോമ: സമീപകാലങ്ങളില്‍ സംഭവിച്ചിട്ടില്ലാത്തവിധം ഈ ഫ് ളു സീസണില്‍ ഒക്ലഹോമയില്‍ 68 പേര്‍ ഫ്ളു വൈറസ് ബാധിച്ചു മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച മാത്രം 10 പേരാണ് മരിച്ചത്. മരിച്ചവരില്‍ 75 ശതമാനവും 65 വയസിനു മുകളിലുളളവരാണ്.

ഫ്ളു വൈറസ് ബാധയെത്തുടര്‍ന്നുളള ശ്വാസകോശരോഗങ്ങള്‍ക്ക് നാലുവയസിനു താഴെ 141 കുട്ടികള്‍ ഉള്‍പ്പെടെ 1652 പേരാണ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

ഫെബ്രുവരിയോടെ ഫ്ളു വൈറസിന്റെ ശക്തി കുറയുകയാണ് പതിവെങ്കിലും ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫ്ളു വൈറസ് വീണ്ടും ശക്തി പ്രാപിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇതുവരേയും ഫ്ളു വാക്സിനേഷന്‍ എടുക്കാത്തവര്‍ അടുത്തുളള ഹെല്‍ത്ത് സെന്ററുകളില്‍നിന്നോ ഫാര്‍മസികളില്‍നിന്നോ പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍