'സിംഗ് ന്യൂയോര്‍ക്ക് വിത്ത് ജെറി അമല്‍ദേവ്' റോക്ക്ലാന്റില്‍ മെയ് 28ന്
Saturday, February 7, 2015 6:12 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളികളില്‍ ഒരാളും പ്രശസ്ത സംഗീത സംവിധായകനുമായ ജെറി അമല്‍ദേവ് നേതൃത്വം നല്‍കുന്ന 'സിംഗ് ന്യൂയോര്‍ക്ക് വിത്ത് ജെറി അമല്‍ദേവ്' എന്ന സംഗീത പരിപാടി മേയ് 28ന്ു റോക്ക്ലാന്‍ഡില്‍ അരങ്ങേറുന്നു. സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കച്ചേരി സാമ്പത്തികനേട്ടത്തിനുപരി ഇവിടുത്തെ കലാകാരന്മാര്‍ക്കു ജെറി അമല്‍ദേവിന്റെ സാന്നിധ്യത്തില്‍ വേദിയൊരുക്കുക എന്നതാണ്.

ആറാഴ്ചത്തെ സന്ദര്‍ശനത്തിനെത്തുന്ന അമല്‍ദേവിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് മേഖലയിലെ പള്ളികളിലെ ഗായകര്‍ക്കു പരിശീലനവും ലക്ഷ്യമിടുന്നു. സെന്റ് മേരീസ് ചര്‍ച്ചിലെ ഗായകസംഘത്തെ രൂപപ്പെടുത്തുന്നതിനും അദ്ദേഹം മുഖ്യ പങ്കു വഹിക്കും.

സംഗീതത്തിലെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച അമല്‍ദേവിനൊപ്പം അരങ്ങിലെത്താന്‍ ന്യൂയോര്‍ക്ക് മേഖലയിലെ പാടി തെളിഞ്ഞവര്‍ക്കും നവാഗതര്‍ക്കും അവസരം ലഭിക്കും. ലൈവ് ഓക്കസ്ട്രയോടെയാണു പരിപാടി.

ക്ളാര്‍ക്സ് ടൌണ്‍ സൌത്ത് സ്കൂളില്‍ വൈകുന്നേരം ഏഴുമണിക്കാണു കച്ചേരി. പ്രവേശന പാസിന്റെ വിതരണോദ്ഘാടനം ഫെബ്രുവരി 15ന് 1.15നു പള്ളിയില്‍ നടക്കും. സ്പോണ്‍സര്‍ഷിപ്പിനും പരസ്യത്തിനും ബന്ധപ്പെടുക. ജേക്കബ് ചൂരവടി (914 882 9361).

എണ്‍പതുകളുടെ തുടക്കത്തില്‍ 'മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ' സംഗീത സംവിധായകനായാണ്, ഇപ്പോള്‍ എഴുപത്തഞ്ചുകാരനായ അമല്‍ദേവ് പേരെടുത്തത്. അതിനു മുമ്പ് ഒരു വ്യാഴവട്ടത്തിലേറെ അദ്ദേഹം അമേരിക്കയിലുണ്ടായിരുന്നു.

കൊച്ചിയില്‍ ജനിച്ച അദ്ദേഹം വടക്കേ ഇന്ത്യയില്‍ വിദ്യാഭ്യാസവും സംഗീതപഠനവും നടത്തി. തുടര്‍ന്ന് ഹിന്ദി സംഗീതജ്ഞന്‍ നൌഷാദിന്റെ അസിസ്റന്റായി ആദ്മി, പാല്‍കി, സംഘര്‍ഷ്, ദില്‍ ദിയ ദര്‍ദ് ലിയ, സാഥി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് അമേരിക്കയിലെത്തിയ അദ്ദേഹം 1971ല്‍ ലൂയിസിയാനയിലെ സേവ്യര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സംഗീതത്തില്‍ ബാച്ചിലര്‍ ബിരുദം നേടി. 1975ല്‍ ന്യൂയോര്‍ക്കില്‍ ഇഥാക്കയിന്‍ കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍നിന്നു സംഗീതത്തില്‍ മാസ്റ്റേഴ്സ് പോഗ്രാമിനു ചേര്‍ന്നു. അവിടെവച്ച് സംഗീതം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ രാഗാ മ്യൂസിക് ഫോര്‍ പിയാനോ, വാര്‍ണര്‍ കമ്യൂണിക്കേഷനിലൂടെ പ്രകാശനം ചെയ്തു.

ന്യൂയോര്‍ക്ക് സിറ്റിയിലും വെസ്റ് ചെസ്ററിലും നാലു വര്‍ഷത്തോളം കുട്ടികള്‍ക്ക് പിയാനോ ക്ളാസ് എടുത്തു. 1979ല്‍ യേശുദാസിനെക്കൊണ്ട് പാടിച്ച് ആത്മാ കി ആവാസ് എന്ന സംഗീത ആല്‍ബം പുറത്തിറക്കി.

പിന്നീട് കേരളത്തിലെത്തി 'മഞ്ഞില്‍വിരിഞ്ഞ പൂക്കളി'ലൂടെ താരമായതോടെ 75ല്‍പ്പരം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. കൂടാതെ ഒട്ടേറെ ആല്‍ബങ്ങളുടെ സംഗീതവും നിര്‍വഹിച്ചു.

ജോണ്‍ പോള്‍ മാര്‍പാപ്പ കേരളത്തിലെത്തിയപ്പോള്‍ (1988) അഞ്ഞൂറില്‍പ്പരം ഗായകരെയും നാല്‍പ്പതോളം വാദ്യമേളക്കാരേയും അണിനിരത്തിയുള്ള സംഗീതശില്‍പം അവതരിപ്പിച്ചു. മൂന്നുതവണ സംഗീത സംവിധാനത്തിന് അവാര്‍ഡ് ലഭിച്ചു. വെബ്സൈറ്റ് സന്ദര്‍ശിക്കുക: ംംം.ഷല്യൃൃമാമഹറല്.രീാ