മാരാമണ്‍ കണ്‍വന്‍ഷനു ഫെബ്രുവരി എട്ടിനു തുടക്കം
Saturday, February 7, 2015 9:31 AM IST
മാരാമണ്‍: 120-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി എട്ടു മുതല്‍ 15 വരെ മാരാമണ്‍ മണപ്പുറത്തു പ്രത്യേകം തയാറാക്കിയ പന്തലില്‍ നടക്കും.

സൌത്ത് ആഫ്രിക്കയില്‍നിന്നുളള ബിഷപ് സിപ്പൊ- സി. സിവ, ഡോ. ലിയൊനാര്‍ഡ് സ്പീറ്റ്(അമേരിക്ക) റവ. ഡോ. സാം കമലശേന്‍ (ശ്രീലങ്ക) തുടങ്ങിയ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികരും വേദ ശാസ്ത്ര പണ്ഡിതന്മാരുമാണു കണ്‍വന്‍ഷനില്‍ പ്രധാന പ്രസംഗങ്ങള്‍ക്കു നേതൃത്വം നല്‍കുക. ഇവരെ കൂടാതെ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, സഫ്രഗന്‍ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പാമാര്‍, സഹോദരസഭകളിലെ പിതാക്കന്മാര്‍ തുടങ്ങിയവരും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷനില്‍ പ്രസംഗിക്കും.

മാര്‍ത്തോമ സഭയുടെ ആത്മീയ വളര്‍ച്ചയില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ വഹിക്കുന്ന പങ്ക് നിസ്തൂലമാണ്. കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി സഭാ സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.

കണ്‍വന്‍ഷന്റെ വിജയത്തിനായി നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഇടവകകളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നുവരുന്നു. ഭദ്രാസന എപ്പിസ്കോപ്പാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിന് അമേരിക്കയില്‍നിന്നു യാത്ര തിരിച്ചു. എപ്പിസ്കോപ്പായെക്കൂടാതെ പ്രതിനിധി മണ്ഡലാംഗങ്ങള്‍, ഭദ്രാസന അസംബ്ളി അംഗങ്ങള്‍ സഭാ വിശ്വാസികള്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍