സിക്ക് ഡെപ്യൂട്ടിക്ക് തലപ്പാവും താടിയും വയ്ക്കുന്നതിന് അനുമതി
Tuesday, February 10, 2015 6:34 AM IST
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയായ ഹാരിസ് കൌണ്ടി ഷെറിഫ്സ് ഓഫീസ് സിക്ക് അമേരിക്കന്‍ ഡെപ്യൂട്ടിക്ക് മതാചാരപ്രകാരം താടി വളര്‍ത്തുന്നതിനും തലപ്പാവ് ധരിക്കുന്നതിനും അനുമതി നല്‍കി. ഇതു സംബന്ധി ഉത്തരവ് ഫെബ്രുവരി ആറിനു വെളളിയാഴ്ചയാണു പുറപ്പെടുവിച്ചത്.

ആറു വര്‍ഷം മുമ്പ് ഹാരിസ് കൌണ്ടി ഷെറിഫ് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച ആദ്യ സിക്ക് അമേരിക്കക്കാരനായ സന്ദീപ് ധാലിവാളിനാണ് ഈ അപൂര്‍വ അംഗീകാരം ലഭിച്ചത്. ഹാരിസ് കൌണ്ടി ഷെറിഫ് ഡ്രസ്കോഡ്, ആരോഗ്യ സംബന്ധമോ, ആഴമേറിയ മതവിശ്വാസമോ ഉള്ള വ്യക്തികളെ ഉള്‍ക്കൊള്ളാന്‍ തടസമാകരുതെന്നാണ് ഇതേക്കുറിച്ച് നല്‍കുന്ന വിശദീകരണം.

അമേരിക്കന്‍ ഫോഴ്സില്‍ പ്രവര്‍ത്തിക്കുന്ന സിക്ക് അമേരിക്കന്‍സിനു തനിക്കു ലഭിച്ചതുപോലെയുളള അനുമതി ലഭിക്കുന്നതിന് ഇടയാകുമെന്നാണു സന്ദീപ് പ്രത്യാശിക്കുന്നത്.

അമേരിക്കന്‍ ഫോഴ്സില്‍ മതവിശ്വാസത്തിന്റെ പേരിലോ മറ്റു സാഹചര്യങ്ങളിലോ ഡ്രസ് കോഡ് ലംഘിക്കുവാനുളള അവകാശം പൊതുവേ അംഗീകരിച്ചിട്ടില്ല.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍