മെല്‍ബണില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഫെബ്രുവരി 14, 15 തീയതികളില്‍
Tuesday, February 10, 2015 10:12 AM IST
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ ഇടവകയുടെ മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഫെബ്രുവരി 14, 15 തീയതികളില്‍ ആഘോഷിക്കുന്നു.

2014 ഡിസംബര്‍ 14 ന് മുതലുള്ള ഒന്‍പതു ഞായറാഴ്ചകളിലായി നടന്ന തിരുനാളിനൊരുക്കമായുള്ള നൊവേന സമാപിച്ചു. ഫെബ്രുവരി 14നു(ശനി) രാവിലെ 10.30നു ക്രയ്ഗിബേണ്‍ ഔവര്‍ ലേഡീസ് പള്ളിയില്‍ ഇടവക വികാരി ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി കൊടിയേറ്റ് നിര്‍വഹിച്ച് തിരുനാളോഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ചാന്‍സലര്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മതബോധന ക്ളാസുകളില്‍ മികവു പുലര്‍ത്തിയ കുട്ടികള്‍ക്കും പുല്‍ക്കൂട് മല്‍സരത്തില്‍ വിജയികളായവര്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

15ന്(ഞായര്‍) തിരുനാള്‍ ദിവസം വൈകുന്നേരം നാലിനു നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പള്ളി ചുറ്റിയുള്ള രാജകീയ പ്രദക്ഷിണത്തില്‍ ഇടവകാംഗങ്ങളുടെ നേതൃത്വത്തിലുള്ള ശിങ്കാരി മേളവും മെല്‍ബണ്‍ മാള്‍ട്ടീസ് കമ്യൂണിറ്റിയുടെ 25 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന ബാന്‍ഡ്സെറ്റും ഉണ്ടായിരിക്കും. വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ ജാതിമത ഭേദമെന്യെ മെല്‍ബണിലെ എല്ലാ ജനങ്ങളും പങ്കെടുക്കും.

തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനവും കത്തീഡ്രല്‍ നിര്‍മാണത്തിന്റെ ധനശേഖരാര്‍ഥം നടത്തിയ കൂപ്പണിന്റെ നറുക്കെടുപ്പും മാര്‍ ബോസ്കോ പുത്തൂര്‍ പിതാവ് നിര്‍വഹിക്കും. സ്നേഹവിരുന്നോടെ തിരുനാളോഘോഷങ്ങള്‍ സമാപിക്കും.

32 പ്രസുദേന്തിമാരാണ് ഈ വര്‍ഷം തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്. ഇടവക വികാരി ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി, ജനറല്‍ കണ്‍വീനര്‍ സ്റാലിന്‍ അഗസ്റിന്‍ ജോ. കണ്‍വീനര്‍ സന്‍ജു ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. സെബാസ്റ്യന്‍ തട്ടില്‍, ജസ്റിന്‍ പള്ളിയാന്‍ (ലിറ്റര്‍ജി), മോറിസ് പള്ളത്ത് (ഗായകസംഘം), ജെയ്സ്റോ ജോസഫ്, തോമസ് ചുമ്മാര്‍, പോള്‍ സെബാസ്റ്യന്‍ (പ്രദക്ഷിണം), അസീസ് മാത്യു (സ്നേഹവിരുന്ന്), ബെന്നി സെബാസ്റ്യന്‍ (പബ്ളിസിറ്റി), ഷാജി വര്‍ഗീസ്, ജോര്‍ജ് മാത്യൂസ്, ക്ളീറ്റസ് ചാക്കോ (ഡെക്കറേഷന്‍, പാര്‍ക്കിംഗ്), ഷിജി തോമസ്, ദിലീപ് ജോണ്‍, ജോബി ഫിലിപ്പ്, ഗ്ളാഡിസ് സെബാസ്റ്യന്‍ (ട്രോഫി, സമ്മാനം), തോമസ് സെബാസ്റ്യന്‍, സിബി ഐസക് (നേര്‍ച്ച, കഴുന്ന്), ഡെന്നി തോമസ് (ഫോട്ടോ ആന്‍ഡ് വീഡിയോ) തുടങ്ങിയ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഇടവക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സമ്മയുടെ തിരുനാളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍