ഫൊക്കാന വിമന്‍സ് ഫോറം റണ്‍ കേരള റണ്ണിന്റെ ഭാഗമായി
Wednesday, February 11, 2015 7:57 AM IST
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ മുന്നോടിയായി കേരളത്തിലെമ്പാടും സംഘടിപ്പിച്ച 'റണ്‍ കേരള റണ്ണി'ല്‍ ഫൊക്കാന വിമന്‍സ് ഫോറവും പങ്കെടുത്തു. ജനുവരി 20ന് രാവിലെ 10.30നാണു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ആവേശവും ഐക്യദാര്‍ഢ്യവും അലതല്ലിയ ഈ സംരംഭം സംഘടിപ്പിച്ചത്.

തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് പ്രമുഖ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഫ്ളാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ റണ്‍ കേരള റണ്ണിനു നേതൃത്വം നല്‍കി.

ഫൊക്കാന ഭാരവാഹികളായ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ റണ്‍ കേരള റണ്ണില്‍ പങ്കെടുത്തു.

കോട്ടയത്ത് പോലീസ് പരേഡ് ഗ്രൌണ്ടില്‍ പല സ്കൂളുകളില്‍ നിന്നുള്ള ടീമുകള്‍, വിവിധ സംഘടനകള്‍ എന്നിവര്‍ ഒത്തുകൂടി. സിനിമാതാരം ദിലീപ് ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ സാമൂഹ്യ,സാംസ്കാരിക നേതാക്കള്‍ പങ്കെടുത്തു. കോട്ടയം ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വനിതകളെ പ്രതിനിധാനം ചെയ്ത് ജോസ് കെ. മാണി എംപിയുടെ പത്നി നിഷാ ജോസ്, വനിതാ കമ്മീഷനെ പ്രതിനിധീകരിച്ച് ഡോ. പ്രമീളാ ദേവി, കെപിസിസി സെക്രട്ടറി ലതികാ സുഭാഷ്, കുടുംബശ്രീയെ പ്രതിനിധീകരിച്ച് ബിന്ദു കെ. നായര്‍, നടി ശ്രുതി ബാല എന്നിവര്‍ പങ്കെടുത്തു. പതിനായിരങ്ങള്‍ പങ്കെടുത്ത ഓട്ടത്തിനു തിരശീല വീണത് കോട്ടയം തിരുനക്കര മൈതാനത്ത് ആയിരുന്നു. ധനമന്ത്രി കെ.എം. മാണി സമാപന ചടങ്ങില്‍ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. ഈ ഐക്യദാര്‍ഢ്യവും ആവേശവും എല്ലാ തുറകളിലും കാണട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. 27 വര്‍ഷം മുമ്പാണു കേരളം ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. ദേശീയ ഗെയിംസ് അരങ്ങേറുന്നതിന്റെ ആഹ്ളാദവും ആവേശത്തെയും ഒത്തൊരുമയെയും മന്ത്രി അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം