ഗ്ളോബല്‍ പ്രവാസി കേരള കോണ്‍ഗ്രസ് സംഗമം: കിക്കോഫ് ഇംഗ്ളണ്ടില്‍
Thursday, February 12, 2015 8:52 AM IST
മെല്‍ബണ്‍: പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബറില്‍ മെല്‍ബണില്‍ സംഘടിപ്പിക്കുന്ന ഗ്ളോബല്‍ പ്രവാസി കേരള സംഗമത്തിന്റെ ഇംഗ്ളണ്ടില്‍നിന്നുള്ള പ്രതിനിധികളുടെ കിക്കോഫ് മുന്‍ മന്ത്രിയും എംഎല്‍എയുമായ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും.

ഇംഗ്ളണ്ടിലെ സ്വാന്‍സിയില്‍ നടക്കുന്ന പ്രതിനിധി സംഗമത്തില്‍ നാഷണല്‍ പ്രസിഡന്റ്് ഷൈമോന്‍ തോട്ടുങ്കല്‍ അധ്യക്ഷത വഹിക്കും.

50 വര്‍ഷമായി ഒരു ജനതയുടെ അഭിമാനമായ ധനമന്ത്രി കെ.എം. മാണി പതിമൂന്നാമത് ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ മാണിയെയും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ശവക്കുഴി തോണ്ടുമെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കലും മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കെ.എം. മാണിയെയും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെയും കരിവാരി തേയ്ക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം കുഴിയില്‍ വീഴുന്ന കാഴ്ച കാണേണ്ടി വരുമെന്നും 50 വര്‍ഷത്തെ പൊതുജീവിതത്തില്‍ സത്യസന്ധതയും ആത്മാര്‍ഥതയും കാണിച്ച കെ.എം. മാണിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ പ്രവാസി കേരള കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഒക്ടോബറില്‍ മെല്‍ബണില്‍ നടക്കാന്‍ പോകുന്ന ഗ്ളോബല്‍ പ്രവാസി കേരള സംഗമത്തില്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കുമെന്നും റെജി പാറയ്ക്കനും സെബാസ്റ്റ്യന്‍ ജേക്കബും പ്രസ്താവനയില്‍ അറിയിച്ചു.