ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ 'ബ്രിക് സെയില്‍' കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു
Wednesday, February 18, 2015 10:02 AM IST
മിസിസാഗാ: പ്രഫഷണല്‍ കോര്‍ട്ടിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പുരോഗമിച്ചുവരുന്ന ദേവാലയ മന്ദിര നിര്‍മാണത്തിന്റെ ധനശേഖരണാര്‍ഥം ആവിഷ്കരിച്ച 'ബ്രിക് സെയില്‍' പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 15-ന് (ഞായര്‍) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ. ഡോ. തോമസ് ജോര്‍ജ് ഇടവകയിലെ സീനിയര്‍ മെംബര്‍ റ്റി.ജെ. ജേക്കബിന് ആദ്യ കൂപ്പണ്‍ നല്‍കി നിര്‍വഹിച്ചു.

തദവസരത്തില്‍ ഇടവകയിലെ ആത്മീയസംഘടനകളുടെ ഭാരവാഹികളായ ഡെയ്സി മാത്യു (സണ്‍ഡേ സ്കൂള്‍), സൂസന്‍ ബെഞ്ചമിന്‍, ഗീതാ ഏബ്രഹാം (മാര്‍ത്തമറിയം വനിതാ സമാജം), ജോജു തോമസ്, ലിജു തോമസ് (ഒസിവൈഎം), വര്‍ഷാ ജോര്‍ജ്, മെറീന ഏബ്രഹാം (എംജിഒസിഎസ്എം), ഏബ്രഹാം മാത്യു (സെന്റ് ജോര്‍ജ് പ്രെയര്‍ ഗ്രൂപ്പ്), ക്ളീമീസ് വൈദ്യന്‍ (സെന്റ് മേരീസ് പ്രെയര്‍ ഗ്രൂപ്പ്), വര്‍ഗീസ് പണിക്കര്‍ (സെന്റ് പോള്‍സ് പ്രെയര്‍ ഗ്രൂപ്പ്) എന്നിവര്‍ കൂപ്പണുകള്‍ ഏറ്റുവാങ്ങി.

ദേവാലയനിര്‍മ്മാണം ദൈവം ആഗ്രഹിക്കുന്ന സ്ഥലത്തും സമയത്തും അപൂര്‍വമായി സംഭവിക്കുന്നതിനാല്‍ നമ്മുടെ പിതാമഹന്മാര്‍ ഇതിനെ ആത്മീയമായി ദര്‍ശിച്ച് ഇഷ്ടികയും മണ്ണും മരവും ചുമന്ന്, തങ്ങളുടെ അധ്വാനത്തില്‍നിന്നു നല്ലൊരു പങ്ക് നല്‍കിയുമാണ് കേരളത്തിനകത്തും പുറത്തും ദേവാലയങ്ങള്‍ പടുത്തുയര്‍ത്തിയതെന്നും ഇപ്പോള്‍ ഈ ദേവാലയത്തിന്റെ പുതുക്കിപ്പണിയലും വിപുലീകരണവും ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും ആയതിനാല്‍ നമ്മുടെ ബാലികാ ബാലന്മാരുള്‍പ്പെടെ എല്ലാവരുടേയും പങ്കാളിത്തം ഈ മഹത്തായ കര്‍മത്തില്‍ ഉറപ്പുവരുത്തുവാനാണ് ഈ പദ്ധതിയെന്നും വികാരി പറഞ്ഞു. കേവലം അഞ്ച് ഡോളറെങ്കിലും നല്‍കി കൂപ്പണ്‍ വാങ്ങുന്ന ഒരാള്‍ക്ക് ഒരു ബ്രിക് സംഭാവന നല്‍കി പള്ളിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കുചേരുവാനാകും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. സണ്‍ഡേ സ്കൂള്‍ തലംമുതലുള്ള എല്ലാ ഇടവകാംഗങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സഹകരണത്തില്‍ വന്‍ വിജയമാക്കാനാണ് ഇടവക ലക്ഷ്യമിടുന്നത്.

ചടങ്ങുകള്‍ക്ക് ട്രസ്റി അലക്സ് ചാണ്ടി, സെക്രട്ടറി സോണി തോമസ് എന്നിവര്‍ മാനേജിംഗ് കമ്മിറ്റിയോടും കണ്‍സ്ട്രക്ഷന്‍ കമ്മിറ്റിയോടുമൊപ്പം നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം