ഒരു ദിവസം 20 പല്ലുകള്‍ പറിച്ചു രോഗി മരിച്ച സംഭവം ഇന്ത്യന്‍ വംശജന്‍ ഡോക്ടര്‍ അറസ്റ്റില്‍
Thursday, February 19, 2015 7:08 AM IST
കണക്ക്റ്റിക്കട്ട്: പല്ലുവേദനയ്ക്കു ചികിത്സ തേടിയെത്തിയ 64 വയസുകാരിയുടെ 20 പല്ലുകള്‍ ഒരേ സമയം പറിച്ചെടുത്തതിനെത്തുടര്‍ന്നു രക്തസമ്മര്‍ദം കുറയുകയും തലചുറ്റല്‍ അനുഭവപ്പെടുകയും ചെയ്ത് മരണം സംഭവിച്ചതിന് ഉത്തരവാദിയായ ഇന്ത്യന്‍ വംശജന്‍ ഡോ. രശ്മി പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തു. എലിങ്ടണില്‍നിന്നുളള റിട്ടയേര്‍ഡ് ലൈബ്രേറിയനും രണ്ടു മക്കളുടെ മാതാവുമായ വൃദ്ധയാണു മരിച്ചത്.

2014 ഫെബ്രുവരി 17നു നടന്ന സംഭവത്തിനുശേഷം ഒരു വര്‍ഷം തികയുന്ന ദിവസമാണു ഡോക്ടറെ അറസ്റ്റ് ചെയ്തത്. സംഭവത്തിനു പിറ്റേ ദിവസംതന്നെ ഡോക്ടര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചിരുന്നു. അതേവര്‍ഷം ഡിസംബറില്‍ ഡോക്ടറുടെ ലൈസന്‍സ് സംസ്ഥാന ഡെന്റല്‍ കമ്മിഷന്‍ സസ്പെന്‍സ് ചെയ്തു.

ഡെന്റല്‍ അസിസ്റ്റന്റിന്റെ അഭിപ്രായംപോലും പരിഗണിക്കാതെയാണു പല്ലുകള്‍ ഓരോന്നായി ഡോക്ടര്‍ പറിച്ചെടുത്തത്. രോഗിയുടെ ദീനരോദനവും ഡോക്ടര്‍ ചെവിക്കൊണ്ടില്ല.

ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ ഡോക്ടര്‍ക്കെതിരേ കുറ്റകരമായ അനാസ്ഥയ്ക്കും തെളിവു നശിപ്പിച്ചതിനും കേസെടുക്കുകയായിരുന്നു. സ്വയം പോലീസ് സ്റേഷനില്‍ ഹാജരായ ഡോക്ടറെ അറസ്റ് ചെയ്ത് 25,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടു. മരിച്ച 64 വയസുകാരിയുടെ കുടുംബാംഗങ്ങള്‍ ഡോക്ടര്‍ക്കെതിരേ ലോ സ്യൂട്ട് ഫയല്‍ ചെയ്യുന്നതിനൊരുങ്ങുകയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍