സുരേഷ് ഭായ് പട്ടേലിനു നേരേ പോലീസ് അതിക്രമം: ഇന്ത്യന്‍ വംശജര്‍ പ്രതിഷേധ പ്രകടനം നടത്തി
Thursday, February 19, 2015 7:08 AM IST
കലിഫോര്‍ണിയ: മകനെ സന്ദര്‍ശിക്കുന്നതിനായി ഇന്ത്യയിലെ ഗുജറാത്തില്‍നിന്ന് അലഭാമയില്‍ എത്തിയ സുരേഷ് ഭായ് പട്ടേലിനെതിരേ(57) പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ വംശജന്‍ കലിഫോര്‍ണിയായിലെ ആര്‍ട്ടീസായില്‍ പ്രകടനം നടത്തി.

വീടിനു സമീപം രാവിലെ നടക്കാനിറങ്ങിയ പട്ടേലിനെ യാതൊരു പ്രകോപനവുമില്ലാതെയാണു കൈ പുറകിലേക്കു ബന്ധിച്ചു നിലത്തേക്ക് എടുത്തെറിഞ്ഞത്. കഴുത്തിനും നട്ടെല്ലിനും ഗുരുതരമായ പരുക്കേറ്റ സുരേഷ് ഭായിയെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയെങ്കിലും ശരീരത്തിന്റെ ഒരു ഭാഗത്തെ ചലനശേഷി നഷ്ടമാകുകയായിരുന്നു.

അമിത ബലപ്രയോഗം അവസാനിപ്പിക്കുക, പട്ടേല്‍ സംഭവത്തില്‍ നീതി പൂര്‍വ്വമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ എഴുതിയ പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തിപിടിച്ചാണു പ്രകടനക്കാര്‍ മുദ്രവാക്യം വിളിച്ചു മുന്നേറിയത്. പട്ടേല്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനുളള പ്രാര്‍ഥനയോടെയാണു പ്രകടനം സംഘടിപ്പിച്ചതെന്നു കലിഫോര്‍ണിയായില്‍നിന്നുളള ശ്രീഹരി പറഞ്ഞു.

കാര്‍ത്തിക സുന്ദരം, അര്‍ച്ചന തുടങ്ങിയവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി. ഇതിനിടെ പട്ടേലിന്റെ ചികിത്സയ്ക്കായി രൂപവത്കരിച്ച ഫണ്ടിലേക്ക് ഇതുവരെ 120,000 ഡോളര്‍ സംഭാവനയായി ലഭിച്ചുവെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിന് ഇന്ത്യയില്‍നിന്നെത്തുന്ന ബന്ധുക്കളെ അമേരിക്കന്‍ സംസ്കാരത്തെക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍