മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റന്റെ കേരളോത്സവത്തിനു ബാസ്കറ്റ്ബോള്‍ മത്സരത്തോടെ തുടക്കം
Friday, February 20, 2015 7:04 AM IST
ഹൂസ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റണ്‍ ഒരുക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21നു (ശനി) സ്റാഫോര്‍ഡിലെ സമ്മര്‍പാര്‍ക്ക് ഡ്രൈവിലുള്ള ക്രോസ് ഓവര്‍ അത്ലറ്റിക്സിലാണു മത്സരം ക്രമീകരിക്കുന്നത്. രാവിലെ 8.30ന് സ്റാഫോര്‍ഡ് സിറ്റി കൌണ്‍സിലര്‍ കെന്‍ മാത്യു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ബ്ളെസി ഏബ്രഹാം അധ്യക്ഷത വഹിക്കും. ബിജു മോഹന്‍ സ്വാഗതവും റെജി ജോണ്‍ നന്ദിയും പറയും.

വൈകുന്നേരം നാലിനു ഫൈനല്‍ നടക്കും. വിജയികള്‍ക്കുള്ള ട്രോഫി മാര്‍ച്ച് 21നു നടക്കുന്ന കേരളോത്സവ സമാപന വേദയില്‍ സമ്മാനിക്കും. കം അപ്, ഫാമിലി ഓവര്‍ എവരിതിംഗ്, ഐഎംസിഎ, ട്രിനിറ്റി, സെന്റ് ജോസഫ് സീറോ മലബാര്‍, ഡാളസ് സക്വിര്‍ട്ടില്‍ സ്ക്വാഡ്, ജസ്റ് ഫോര്‍ ഫണ്‍, ഹൂപ്സ് 2 ഇന്‍ എന്നിങ്ങനെ എട്ടു ടീമുകളാണു മത്സരത്തില്‍ പങ്കെടുക്കുന്നത്. പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സെക്രട്ടറി മാത്യു മത്തായി, വൈസ് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍, ട്രഷറര്‍ ഏബ്രഹാം ഫിലിപ്പ്, ജോ. ട്രഷറര്‍ സലിം അറയ്ക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഫിലപ്പ് സെബാസ്റ്യന്‍, റെനി കവലയില്‍, അനില്‍ ജനാര്‍ദനന്‍, ഊര്‍മിള കുറുപ്പ്, എല്‍സി ജോസ് എന്നിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കും.

മാര്‍ച്ച് ഒന്നിനു സ്റാഫോര്‍ഡിലുള്ള കേരള ഹൌസില്‍ കവിയരങ്ങ്, മാര്‍ച്ച് ഏഴിനു ഷുഗര്‍ലാന്‍ട് ഫെയ്ത്ത് ലൂതറന്‍ ചര്‍ച്ചില്‍ വോളി ബോള്‍ ഗെയിം, മാര്‍ച്ച് 14നു ഷട്ടില്‍ ബാഡ്മിന്റണ്‍ ഗെയിം, മാര്‍ച്ച് 21നു കേരളഹൌസില്‍ രാവിലെ ഒമ്പതു മുതല്‍ നാലു വരെ ചെസ് മത്സരം, ഹൂസ്റന്‍ ക്നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ സാഹിത്യസമ്മേളനം. ഫുഡ് ഫെസ്റിവല്‍, ആറു മുതല്‍ ഒമ്പതുവരെ ക്ളാസിക്കല്‍ ഡാന്‍ന്‍, കലാപരിപാടികള്‍ തുടങ്ങി വ്യത്യസ്ത പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ പരിപാടികള്‍ക്കും പ്രവേശനം സൌജന്യമാണ്.

റിപ്പോര്‍ട്ട്: ഏബ്രഹാം ഈപ്പന്‍