കെഎച്ച്എന്‍എ മിഷിഗണിന് നവ നേതൃത്വം
Saturday, February 21, 2015 5:18 AM IST
ഡിട്രോയിറ്റ്: 2010-ല്‍ തുടക്കംകുറിച്ച കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) മിഷിഗണ്‍ വാര്‍ഷിക പൊതുയോഗം കാന്റന്‍ സംഗമ നഗറില്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഡോ. സതി നായര്‍ (പ്രസിഡന്റ്), മനോജ് കൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), പ്രസന്നാ മോഹന്‍ (സെക്രട്ടറി), ശ്രീജാ ശ്രീകുമാര്‍ (ജോയിന്റ് സെക്രട്ടറി), രാധാകൃഷ്ണന്‍ നായര്‍ (ട്രഷറര്‍), അരുണ്‍ കുരുവിള (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഫെബ്രുവരി 25-ന് പെന്‍ട്രിങ്ടണ്‍ അന്ധവിദ്യാലയത്തില്‍ സമൂഹ ശ്രമദാനം നടത്തുന്നതിനും, ഡിട്രോയിറ്റ് മെഡിക്കല്‍ സെന്ററിലെ കുട്ടികളുടെ ആശുപത്രിയിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും തീരുമാനിച്ചു. വിവിധ ജീവകരുണ്യ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനറായി ശ്രീജ ശ്രീകുമാറിനേയും, കാര്യദര്‍ശിയായി രാജേഷ് കുട്ടിയേയും ചുമതലപ്പെടുത്തി.

സെക്രട്ടറി അനില്‍ കോളോത്ത് മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, രമ്യാകുമാര്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു. മലയാള മണ്ണിന്റെ കാര്‍ഷിക സമൃദ്ധി അയവിറക്കുന്ന വിഷു ദിനവും, കണികാഴ്ചയും ഏപ്രില്‍ 18-ന് സമുചിതമായി ആഘോഷിക്കുവാനും തീരുമാനിച്ചു. സുനില്‍ പൈങ്ങോള്‍, ദേവിക രാജേഷ്, അജി അയ്യമ്പള്ളി, ഗിരീഷ് ശ്രീനിവാസന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉപസമിതിയേയും നിശ്ചയിച്ചു. രാജേഷ് കുട്ടി രൂപകല്‍പ്പന ചെയ്ത വെബ്സൈറ്റിന്റെ ഉദ്ഘാടനം ട്രസ്റി ബോര്‍ഡ് അംഗം രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

ഡാളസില്‍ നടക്കാന്‍പോകുന്ന ദ്വൈവാര്‍ഷിക കണ്‍വെന്‍ഷനെക്കുറിച്ച് റീജിയണല്‍ വൈസ് പ്രസിഡന്റ് രാജേഷ് നായര്‍, കോര്‍ഡിനേറ്റര്‍മാരായ ഡോ. ഗീതാ നായര്‍, സുനില്‍ പൈങ്ങോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനില്‍ 25-ല്‍ കുറയാത്ത കുടുംബങ്ങളെ പങ്കെടുപ്പിക്കണമെന്ന തീരുമാനത്തോടെ യോഗം പര്യവസാനിച്ചു. സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം