പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ദുക്റോന പെരുന്നാള്‍
Tuesday, February 24, 2015 7:40 AM IST
ഷിക്കാഗോ: മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 83-മത് ദുക്റാന പെരുന്നാള്‍ ഫെബ്രുവരി 14,15 (ശനി, ഞായര്‍) തീയതികളില്‍ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ ഷിക്കാഗോയിലുള്ള സെന്റ് ജോര്‍ജ് പള്ളി, സെന്റ് മേരീസ് പള്ളി, സെന്റ് മേരീസ് ക്നാനായ പള്ളി എന്നീ ഇടവകകളിലെ വിശ്വാസികള്‍ സംയുക്തമായി ഓക്ക് പാര്‍ക്കിലുള്ള സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ സംയുക്തമായി കൊണ്ടാടി.

14നു(ശനിയാഴ്ച) വൈകുന്നേരം 6.30നു വിശ്വാസികള്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ എത്തിച്ചേര്‍ന്നു. ഏഴിനു സന്ധ്യാപ്രാര്‍ഥന ആരംഭിച്ചു. വന്ദ്യ ഗീവര്‍ഗീസ് കോര്‍എപ്പിസ്കോപ്പ തെക്കേക്കര, ബഹുമാന്യരായ കുരുത്തലയ്ക്കല്‍ മാത്യു അച്ചന്‍, മേപ്പുറത്ത് തോമസ് അച്ചന്‍, ലിജു പോള്‍ ശെമ്മാശന്‍, പട്ടരുമഠത്തില്‍ ജെയ്ക് ശെമ്മാശന്‍ എന്നിവരെ കൂടാതെ നേര്‍ത്ത് ലേക്കിലുള്ള സെന്റ് പീറ്റേഴ്സ് സുറിയാനി പള്ളി വികാരി വന്ദ്യ സക്കറിയ കോര്‍എപ്പിസ്കോപ്പ തേലാപ്പള്ളില്‍, സിറിയ പള്ളിയില്‍ നിന്നും റോബി ഈദോ ശെമ്മാശന്‍ എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം വന്ദ്യ ഗീവര്‍ഗീസ് കോര്‍എപ്പിസ്കോപ്പ തെക്കേക്കര എല്ലാവരെയും സ്വാഗതം ചെയ്യുകയും പരിശുദ്ധ ഏലിയാസ് ബാവായെ അനുസ്മരിച്ച് പ്രസംഗിക്കുകയും ചെയ്തു.

സെന്റ് ജോര്‍ജ് പള്ളി, സെന്റ് മേരീസ് പള്ളി, സെന്റ് മേരീസ് ക്നാനായ പള്ളി എന്നീ ഇടവകകളിലെ ബഹുമാനപ്പെട്ട വൈദീകരുടെ കാര്‍മികത്വത്തില്‍ പതിനഞ്ചാം തീയതി രാവിലെ ഒമ്പതിനു പ്രഭാതപ്രാര്‍ഥനയും പത്തിനു വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും പരിശുദ്ധ ബാവായുടെ നാമത്തില്‍ മധ്യസ്ഥ പ്രാര്‍ഥനയും നടത്തി.

ശ്ശീഹന്മാരില്‍ തലവനായ പരിശുദ്ധ പത്രോസിനെപ്പറ്റി എഴുതിയ ഉപന്യാസമത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും, ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡാണാ മേരി വര്‍ഗീസിനും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫേബാ മേരി ജൊബോയിക്കും പ്രശംസാഫലകം നല്‍കുകയും ചെയ്തു. ബഹുമാനപ്പെട്ട മാത്യു കുരുത്തലയ്ക്കല്‍ അച്ചന്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ആശീര്‍വാദത്തിനുശേഷം നേര്‍ച്ച വിളമ്പി.

പെരുന്നാള്‍ കോ-ഓര്‍ഡിനേറ്റര്‍ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്, ഷെവലിയാര്‍ ജെയ്മോന്‍ സ്കറിയ, മോന്‍ മാലിക്കറുകയില്‍, സ്റാന്‍ലി കളരിക്കമുറിയില്‍, മാത്യു കുര്യാക്കോസ്, റെജിമോന്‍ ജേക്കബ്, രാജന്‍ തോമസ് എന്നിവര്‍ പെരുന്നാളിനു നേതൃത്വം നല്‍കി. സെന്റ് ജോര്‍ജ് പള്ളിയിലെ വനിതാസമാജാംഗങ്ങളോടൊപ്പം സെന്റ് മേരീസ് പള്ളിയിലേയും, സെന്റ് മേരീസ് ക്നാനായ പള്ളിയിലേയും വനിതാ സമാജാംഗങ്ങള്‍ സ്നേഹവിരുന്നിനു മേല്‍നോട്ടം നല്‍കി. ഷിക്കാഗോ ചെണ്ട ക്ളബിന്റെ മേളം ആഘോഷങ്ങള്‍ക്കു കൊഴുപ്പുകൂട്ടി. ഉച്ചകഴിഞ്ഞു രണ്ടിനു കൊടിയിറങ്ങിയതോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് തിരശീല വീണു. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം