അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 15 മുതല്‍ 18 വരെ
Tuesday, February 24, 2015 8:20 AM IST
പെന്‍സില്‍വാനിയ: അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വാനിയ ലാന്‍കാസ്റ്റര്‍ ഹോസ്റ് റിസോര്‍ട്ടില്‍ നടത്തുന്നതിനുളള വിപുലമായ ക്രമീകരണങ്ങള്‍ പുരോഗമിച്ചു വരുന്നു.

ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ സാന്നിധ്യം അതിഭദ്രാസനത്തിന്റെ ചരിത്രത്തിലാദ്യമായി ഈ ആത്മീയ കൂട്ടായ്മയുടെ ആദ്യാവസാനം ഉണ്ടായിരിക്കുമെന്നുളളതുതന്നെയാണ് ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രത്യേകതകളില്‍ പ്രധാന ഘടകം.

പരിശുദ്ധ ബാവായോടൊപ്പം ചുരുങ്ങിയ ദിവസങ്ങള്‍ കഴിച്ചു കൂട്ടുന്നതിനും അതുവഴി ശ്ളൈഹിക വാഴ്വുകള്‍ സ്വീകരിച്ച് ആത്മീയനിറവില്‍ സമ്പന്നരാകുവാനുളള ആ അസുലഭ സന്ദര്‍ഭത്തിനായി, സഭാ മക്കള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍നിന്നായി നൂറുകണക്കിനു വിശ്വാസികള്‍ പേര് രജിസ്റര്‍ ചെയ്തുവെന്നുള്ളതു കുടുംബമേളയുടെ വിജയത്തിനായുളള ശുഭ സൂചനയായി കണക്കാക്കുന്നുവെന്നു ഭാരവാഹികള്‍ സൂചിപ്പിച്ചു.

ഇടവക മെത്രാപ്പോലീത്ത യെല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ മേല്‍നോട്ടത്തില്‍, മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പാ, സാജു പൌലോസ് മാരോത്ത് എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും ഫാ. പോള്‍ ടി. പറമ്പത്ത്, കമാന്റര്‍ ജോബി ജോര്‍ജ് എന്നിവര്‍ കണ്‍വീനറന്മാരായും ഭദ്രാസന കൌണ്‍സില്‍ മെംബേഴ്സ് സബ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍മാരായും ഉളള കമ്മിറ്റി, സഭാ ചരിത്രത്തില്‍ത്തന്നെ നാഴികക്കല്ലായി മാറുന്ന ഈ കുടുംബ സംഗമം വന്‍ വിജയമാക്കി തീര്‍ക്കുന്നതിനുളള വിപുലമായ ക്രമീകരണങ്ങള്‍ നടത്തി വരികയാണ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കുറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍