ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ 2015 ലെ ഭാരവാഹികള്‍ അധികാരമേറ്റു
Wednesday, February 25, 2015 5:58 AM IST
ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ 2014ലെയും 2015ലെയും ഭാരവാഹികളുടെ ഒരു സംയുക്ത യോഗം 2015 ഫെബ്രുവരി 21ന് വാലി കോട്ടേജ് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വച്ച് കൂടുകയുണ്ടായി. പ്രസിഡന്റ് ജയിംസ് ഇളംപുരയിടത്തിലിന്റെ അധ്യക്ഷതയില്‍ യോഗം കൃത്യം 10.30 മണിക്ക് ആരംഭിച്ചു. ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ ജെയിംസ് ഇളംപുരയിടത്തില്‍ സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ ഒരു വര്‍ഷക്കാലം അസോസിയേഷന്റെ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ തന്നെ അനുവദിച്ചതിനു എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സെക്രട്ടറി ജയപ്രകാശ് നായര്‍, ട്രഷറര്‍ മത്തായി പി ദാസ്, ബോര്‍ഡ് ഓഫ് ട്രസ്റീ ചെയര്‍മാന്‍ കുരിയാക്കോസ് തര്യന്‍ എന്നിവര്‍ സംസാരിച്ചു.

അധികാര കൈമാറ്റച്ചടങ്ങില്‍ പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തിലിന്റെ കൈയ്യില്‍ നിന്നും ഔദ്യോഗിക രേഖകള്‍ 2015ലെ പ്രസിഡന്റ് ഷാജിമോന്‍ വെട്ടം കൈപ്പറ്റി. സെക്രട്ടറി ജയപ്രകാശ് നായരില്‍ നിന്നും 2015ലെ സെക്രട്ടറി അലക്സ് എബ്രഹാമും ട്രഷറര്‍ മത്തായി പി ദാസില്‍ നിന്നും പുതിയ ട്രഷറര്‍ ജോണ്‍ ദേവസ്യയും അധികാരം ഏറ്റെടുത്തു. വര്‍ഗീസ് ഒലഹന്നാന്‍ ഈ വര്‍ഷത്തെ ബോര്‍ഡ് ഓഫ് ട്രസ്റീ ചെയര്‍മാനായി സ്ഥാനമേറ്റു. തുടര്‍ന്ന് നടന്ന യോഗത്തിന് പുതിയ പ്രസിഡന്റ് ഷാജിമോന്‍ വെട്ടം അധ്യക്ഷത വഹിച്ചു. അസോസിയേഷന്റെ ഉന്നമനത്തിനായി തന്നാലാവും വിധം പ്രയത്നിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

കേരള ജ്യാതിയുടെ ചീഫ് എഡിറ്ററായി തമ്പി പനക്കല്‍ പ്രവര്‍ത്തിക്കും എന്ന് അദ്ദേഹം അറിയിച്ചു. സെക്രട്ടറി അലക്സ് എബ്രഹാം ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഒലഹന്നാന്‍ എന്നിവര്‍ സംസാരിക്കുകയുണ്ടായി. വിദ്യാജ്യോതി മലയാളം സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ആയി ജോസഫ് മുണ്ടഞ്ചിറ തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു. അസോസിയേഷന്റെ എല്ലാ പരിപാടികളും കൃത്യമായി ഫോട്ടോകള്‍ എടുത്തു തരുന്ന ക്യാമറാമാന്‍ സെബാസ്റ്യന്‍ എബ്രഹാമിനെ യോഗം പ്രത്യേകം അനുമോദിച്ചു. തുടര്‍ന്ന് ഒരു ഫോട്ടോ സെഷനും ഉണ്ടായിരുന്നു. സെക്രട്ടറി അലക്സ് എബ്രഹാമിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ യോഗം അവസാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍