സ്വദേശിവത്കരണം: തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കണം ഐസിഎഫ്
Thursday, February 26, 2015 10:16 AM IST
ജിദ്ദ : നിതാഖാത് നിയമം വീണ്ടൂം ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ഇന്ത്യക്കാരെ പുനരധിവസിപ്പിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഐസിഎഫ് തലമുറ സംഗമം ആവശ്യപ്പെട്ടു.

എസ്വൈഎസ് അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ജിദ്ദാ ഐസിഎഫ് ശറഫിയ മര്‍ഹബയില്‍ സംഘടിപ്പിച്ചതായിരുന്നു തലമുറ സംഗമം.

സൌദി ഗവണ്‍മെന്റില്‍നിന്നും ഇക്കാലമത്രയും ഇന്ത്യന്‍ പൌരന്മാരോട് ഔദാര്യപൂര്‍ണമായ സമീപനമാണു ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ ജനതയെ ഏറ്റവുമധികം സ്നേഹിക്കുന്ന ഭരണാധികാരികളാണ് സൌദി അറേബ്യയിലുള്ളതെന്നു പഴയ തലമുറയുടെ അനുഭവങ്ങള്‍ വിശദീകരിച്ചുകൊണ്ടു സംഗമം വിലയിരുത്തി.

ഒരു ജനതയുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുമ്പോള്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന നടപടികളാണു നിതാഖാത് നിയമം എന്നു മനസിലാക്കാന്‍ കഴിയും. ആദ്യഘട്ട നിതാഖാത് നടപടികളിലൂടെ പ്രയാസങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ ഇന്ത്യന്‍ ഭരണകൂടം പുനരധിവാസത്തിന് പല മോഹനവാഗ്ദാനങ്ങളും ഇന്ത്യന്‍ പ്രവാസി ജനതയ്ക്കു നല്‍കിയെങ്കിലും പിന്നീട് അതെല്ലാം പാഴ്വാക്കുകളായി മാറിയിരിക്കുന്നു.

സ്വദേശിവത്കരണം വീണ്ടും ശക്തി കൂടുന്ന വേളയില്‍ പാവം പ്രവാസികളെ സ്വജനതയായി പോലും പരിഗണിക്കാത്ത ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിഷേധാത്മക നയങ്ങള്‍ മാറ്റേതുണ്ട്. വോട്ടവകാശം പ്രവാസജോലി തടസമില്ലാത്ത രൂപത്തില്‍ വിനിയോഗിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും സ്വദേശിവത്കരണം മൂലം തിരിച്ചെത്തുവരെ പുനരധിവസിപ്പിക്കുമെന്ന മോഹനവാഗ്ദാനങ്ങള്‍ക്ക് പകരം ക്രിയാത്മകമായ നടപടികളും നയങ്ങളും സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

സയ്യിദ് പൂക്കോയ കരീം തങ്ങളുടെ അധ്യക്ഷതയില്‍ അബ്ദുള്‍ അസീസ് മുസ്ലിയാര്‍ റുവൈസ് സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ മജീദ് മാസ്റര്‍ വീര്യമ്പ്രം, അബ്ദുള്‍ റൌഫ് പൂനൂര്‍, അബ്ദുറബ് ചെമ്മാട്, കട്ടിപ്പാറ മുഹമ്മദലി ബാഖവി, വി.ആര്‍ മൊയ്തീന്‍, യാസിര്‍ അറഫാത്ത്, അലി ബുഖാരി, വാളക്കുളം കുഞ്ഞഹമ്മദ് ഹാജി, കുഞ്ഞിമോന്‍ ഹാജി എആര്‍ നഗര്‍, യൂസുഫലി ഹാജി, അബൂബക്കര്‍ ഹാജി നാട്യമംഗലം, ഇരിങ്ങല്ലൂര്‍ കുഞ്ഞഹമ്മദ് ഹാജി, തുടങ്ങിയവര്‍ സംസാരിച്ചു. ഉഗ്രപുരം മുഹമ്മദ് സഖാഫി പ്രമേയം അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍