ഷിഫാ മലയാളി സമാജം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ലഹരിവിമുക്ത കാമ്പയിനു തുടക്കമായി
Monday, March 2, 2015 8:24 AM IST
റിയാദ്: ഷിഫാ മലയാളി സമാജത്തിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് രണ്ടാം ഘട്ട ലഹരിവിരുദ്ധ കാമ്പയിനു ഷിഫയില്‍ തുടക്കമായി. സമാജം പ്രസിഡന്റ് മധു വര്‍ക്കലയുടെ അധ്യക്ഷതയില്‍ ജൂത്ക്കോം കമ്പനിയില്‍ ചേര്‍ന്ന യോഗത്തില്‍ ഏപ്രില്‍ 24നു വാര്‍ഷികാഘോഷ സമാപനസമ്മേളനം നടത്താന്‍ തീരുമാനിച്ചു. ഏപ്രില്‍ 17നു ഭാരവാഹി തെരഞ്ഞെടുപ്പു നടക്കും.

എസ്എംഎസ് ഭവനപദ്ധതി പ്രകാരമുള്ള ആദ്യ വീടിന്റെ പണി പൂര്‍ത്തിയായതായും രണ്ടാമത്തെ വീടിന്റെ തറക്കല്ലിടല്‍ ഉടന്‍ നടക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. സ്വന്തമായി വീടില്ലാത്ത സമാജം അംഗങ്ങള്‍ മാര്‍ച്ച് 15നു മുമ്പും സമാജം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ രണ്ടിനു മുമ്പും പേര്‍ രജിസ്റര്‍ ചെയ്യണം. രജിസ്ട്രേഷനായി 0536962143, 0503216428 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

സമാജം അംഗങ്ങള്‍ക്കുള്ള വിവാഹ ധനസഹായമായി 90000 രൂപയും ചികിത്സാ സഹായധനമായി ഒന്നര ലക്ഷം രൂപയും വിതരണം ചെയ്തതായി ജനറല്‍ സെക്രട്ടറി പറഞ്ഞു. സമാജം അംഗമല്ലാത്ത ഒരാളുടെ കുട്ടിക്ക് ചികിത്സയ്ക്ക് 25000 രൂപയുടെ സഹായവും നല്‍കി. തണല്‍ ഭവനപദ്ധതിയില്‍ നിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം വാര്‍ഷികാഘോഷത്തില്‍ നിര്‍വഹിക്കുമെന്നും യോഗത്തില്‍ അറിയിച്ചു. വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ക്രിക്കറ്റ്, കബഡി തുടങ്ങി വിവിധ കായിക മത്സരങ്ങളും അരങ്ങേറും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 15 നു മുമ്പായി ഭാരവാഹികളുമായി ബന്ധപ്പെടണം. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഇല്യാസ് സാബു സ്വാഗതവും ട്രഷറര്‍ ഹംസ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍