സോമഷെട്ടിഹള്ളി ആറ്റുകാല്‍ പൊങ്കാല മൂന്നു മുതല്‍
Tuesday, March 3, 2015 2:32 AM IST
ബംഗളൂരു: സോമഷെട്ടിഹള്ളി ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ഈവര്‍ഷത്തെ പൊങ്കാല മഹോത്സവം മാര്‍ച്ച് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ നടക്കും. മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ വിശേഷാല്‍ പൂജകള്‍, മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച രാവിലെ 5.30 നു മഹാഗണപതിഹോമം, ഏഴിനു ഭാഗ്യസൂക്തഹോമം, പത്തിന് പൊങ്കാല അടുപ്പുകളില്‍ ഭണ്ഡാര അടുപ്പില്‍ നിന്നു തീപകരല്‍ എന്നിവയാണു നടക്കുക. തിരുവനന്തപുരം ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല സമയക്രമമനുസരിച്ചാണ് സജ്ജീകരണങ്ങള്‍ നടക്കുക. കലാ,സാംസ്കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖവ്യക്തികള്‍ പരിപാടികളില്‍ പങ്കെടുക്കും. പൊങ്കാലയോടനുബന്ധിച്ച് മഹാ അന്നദാനം, ഭക്തിഗാനസുധ, സാംസ്കാരിക സമ്മേളനം തുടങ്ങിയവയും ഉണ്ടായിരിക്കും.

ഭക്തജനങ്ങള്‍ക്കു വേണ്ടി ബെല്‍ സര്‍ക്കിള്‍, ഗംഗമ്മ സര്‍ക്കിള്‍, ജാലഹള്ളി അയ്യപ്പക്ഷേത്രം, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും യാത്രാസൌകര്യം ഉണ്ടായിരിക്കും. പൊങ്കാല പൂജാസാമഗ്രികള്‍ ക്ഷേത്രത്തില്‍ നിന്നു തന്നെ ലഭ്യമാക്കും. പൂജകള്‍ക്കു മേല്‍ശാന്തി കേശവന്‍ നമ്പൂതിരി, ബാലാലയ തന്ത്രി ദിലീപ് നമ്പൂതിരി തുടങ്ങിയവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. പരിപാടികളുടെ നടത്തിപ്പിനു വേണ്ടി വിപുലമായ ആഘോഷകമ്മിറ്റി പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നു. കണ്‍വീനര്‍ പി. രാമചന്ദ്രന്‍ നായര്‍, ജോ. കണ്‍വീനര്‍ വിശ്വനാഥന്‍ പിള്ള, മഹിളാ കമ്മിറ്റി പ്രസിഡന്റ് വിജയലക്ഷ്മി, സെക്രട്ടറി തങ്കമണി, ഇന്ദിരാ ശശി, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ടി. ദാസ്, സെക്രട്ടറി ശ്രീകുമാര്‍, ഇ. ജയരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കും. പൊങ്കാല കൂപ്പണുകള്‍ക്കും കൂടുതല്‍ വിവരങ്ങ ള്‍ക്കും ബന്ധപ്പെടുക: 9481245747, 9916866000.