തൊഗാഡിയയ്ക്കു പ്രവേശനം: മൈസൂരു പോലീസ് തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി
Wednesday, March 4, 2015 7:50 AM IST
ബംഗളൂരു: വിഎച്ച്പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയ്ക്ക് മൈസൂരുവില്‍ പ്രവേശനാനുമതി നല്കുന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്. മാര്‍ച്ച് 11 ന് മൈസൂരുവില്‍ നടക്കുന്ന വിഎച്ച്പി റാലി സംഘടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. നഗരത്തിലെ ക്രമസമാധാനനില വിലയിരുത്തിയ ശേഷം മൈസൂരു പോലീസ് യുക്തമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. റാലി നഗരത്തിലെ ക്രമസമാധാനത്തെ ഹനിക്കാതിരിക്കത്തക്ക വിധം ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ മൈസൂരു പോലീസ് കമ്മീഷണര്‍ക്ക് അധികാരമുണ്ട്. അതില്‍ താന്‍ ഇടപെടില്ലെന്നും ജോര്‍ജ് അറിയിച്ചു.

നഗരത്തിന്റെ സമാധാനത്തിനു ഭംഗം വരുത്താന്‍ ചില ശക്തികള്‍ ആസൂത്രിതമായി ശ്രമിക്കുന്നുണ്െടന്ന് ശിവമോഗയിലും സമീപപ്രദേശങ്ങളിലും അടുത്തിടെയുണ്ടായ വര്‍ഗീയസംഘര്‍ഷങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം പറഞ്ഞു. പക്ഷേ, സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ശിവമോഗ കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടിയിട്ടുണ്െടന്നും ജോര്‍ജ് പറഞ്ഞു. നേരത്തെ, ബംഗളൂരുവില്‍ നടന്ന വിഎച്ച്പി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതില്‍ നിന്നും തൊഗാഡിയയെ പോലീസ് വിലക്കിയിരുന്നു. ഇതേത്തുടര്‍ന്ന് തൊഗാഡിയയുടെ വീഡിയോ പ്രസംഗം സമ്മേളനവേദിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.