പിഐഒ കാര്‍ഡുകള്‍ ചരിത്രമായി; ഇനി അപേക്ഷ ഒസിഐ കാര്‍ഡിനു മാത്രം
Friday, March 6, 2015 8:47 AM IST
ന്യൂഡല്‍ഹി: പിഐഒ (പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനം പ്രാബല്യത്തിലായി. ഇനി ഒസിഐ (ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ) കാര്‍ഡുകള്‍ മാത്രമാണ് ഉണ്ടാകുക. നിലവില്‍ പിഐഒ കാര്‍ഡുള്ളവര്‍ക്കു പുതിയ ഒസിഐ കാര്‍ഡിന് അപേക്ഷിക്കാനും സൌകര്യം.

ഈ വര്‍ഷം ജനുവരി ഒമ്പതു വരെ അനുവദിക്കപ്പെട്ട മുഴുവന്‍ പിഐഒ കാര്‍ഡുകള്‍ ഒസിഐ കാര്‍ഡുകളായി മാറും. പിഐഒ കാര്‍ഡ് ഉടമയ്ക്കു പുതിയ പാസ്പോര്‍ട്ടാണുള്ളതെങ്കില്‍ ഇന്ത്യയിലേക്കു പുതിയ പാസ്പോര്‍ട്ടും പഴയ പാസ്പോര്‍ട്ടും പിഐഒ കാര്‍ഡും ഉപയോഗിച്ച് യാത്ര ചെയ്യാനും അനുമതി ലഭിക്കും.

പേരു മാറ്റം, വിലാസം മാറ്റം, പാസ്പോര്‍ട്ട് മാറ്റം തുടങ്ങിയവ പിഐഒ കാര്‍ഡില്‍ ആവശ്യമുള്ളവര്‍ 18 പൌണ്ട് (തത്തുല്യമായ ഇന്ത്യന്‍ മണി) അടച്ച് പുതിയ ഒസിഐ കാര്‍ഡിന് അപേക്ഷിക്കണം. ജീവിതകാലം മുഴുവന്‍ എത്ര തവണ വേണമെങ്കിലും ഇന്ത്യയിലേക്കു യാത്ര ചെയ്യാനും എത്ര കാലം വേണമെങ്കിലും താമസിക്കാനും അനുമതി നല്‍കുന്നതാണ് ഒസിഐ കാര്‍ഡ്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ബില്‍ ലോക്സഭയില്‍ പാസാക്കിയതിനുശേഷം രാജ്യ സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ സമന്വയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച സിറ്റിസണ്‍ഷിപ്പ് അമന്റ്മെന്റ് ബില്‍ മാര്‍ച്ച് നാലിനു(ബുധന്‍) രാജ്യസഭയും പാസാക്കിയതോടെ നിയമ നടപടികള്‍ പൂര്‍ത്തിയായി. 1955 ലെ സിറ്റിസണ്‍ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാണു ബില്‍ പാസാക്കിയത്.

പിഐഒ കാര്‍ഡ് ആജീവനാന്ത വീസയാണെന്ന് അംഗീകരിച്ചുകൊണ്ട് ജനുവരിയില്‍ ഇറങ്ങിയ ഓര്‍ഡിന്‍സിന് ഇതോടെ നിയമപ്രാബല്യമായി.

നിയമം പ്രാബല്യത്തില്‍ വന്നതോടെ പിഐഒ കാര്‍ഡുടമകള്‍ക്കു ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും ഒസിഐക്കാര്‍ക്കും ലഭ്യമാകും.

ഓരോ തവണയും ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ പ്രാദേശിക പോലീസ് സ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധനയും ഇല്ലാതായി. ഇതോടെ പ്രവാസി മലയാളികളുടെ ദീര്‍ഘകാലമായുളള ആവശ്യവും ലക്ഷ്യംകണ്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍