ഡാളസില്‍ ലോക വനിതാ പ്രാര്‍ഥനദിനമാചരിച്ചു
Monday, March 16, 2015 7:31 AM IST
ഡാളസ്: കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഡാളസ് ഫോര്‍ട്ട്വര്‍ത്ത് റീജണ്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ലോക വനിതാ പ്രാര്‍ഥനാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

മാര്‍ച്ച് ഏഴിനു(ശനി) സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വിവിധ ഭക്തസംഘടനകള്‍ ചേര്‍ന്നു നടത്തിയ ഗാനശുശ്രൂഷയോടെ പരിപാടികള്‍ക്കു ആരംഭം കുറിച്ചു. ഇടവക വികാരി ഫാ. പോള്‍ തോട്ടയ്ക്കാട് സ്വാഗതമാശംസിച്ചു. ആരാധന തുടങ്ങുന്നതിനുമുമ്പ് ബഹാമാസിലെ ജനങ്ങളുടെ പ്രിയങ്കരമായ ജുങ്കാന സംഗീതത്തിന്റെ ഈണത്തില്‍ സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ ആലപിച്ച ഗാനങ്ങള്‍ ശ്രുതിമധുരമായിരുന്നു.

ബഹാമസിലെ സാധാരണ ജനങ്ങളുടെ ജീവിത രീതികളെക്കുറിച്ചു റീമ റോയി പ്രസംഗിച്ചു. തുടര്‍ന്നു നിലവിളക്ക് തെളിച്ച് ആരാധന ആരംഭിച്ചു. നിശ്ചയിക്കപ്പെട്ട വേദ ഭാഗങ്ങള്‍ ആന്‍ കുന്നത്തുശേരി, മേരി ഏബ്രഹാം എന്നിവര്‍ വായിച്ചു.

'ഞാന്‍ നിങ്ങള്‍ക്കു ചെയ്തത് ഇന്നതെന്ന് അറിയാമോ' എന്ന വിഷയത്തെ ആസ്പദമാക്കി എലിസബത്ത് ജോര്‍ജ് നടത്തിയ ധ്യാന പ്രസംഗം ചിന്തോദീപകവും ഹൃദ്യവുമായി. ജോളി ബാബു മധ്യസ്ഥപ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.

ബിസിനസ് മീറ്റിംഗില്‍ 2016ലെ കണ്‍വീനറായി ആന്‍സി മാത്യുവിനെ തെരഞ്ഞെടുത്തു. മേഴ്സി അലക്സ് മുന്‍ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മിറ്റി മീറ്റിംഗുകളിലും ധ്യാനപ്രാര്‍ഥനകളിലും ഏവരും പ്രാര്‍ഥനാപൂര്‍വം സംബന്ധിക്കണമെന്ന് ഉപപ്രസംഗത്തില്‍ ബെറ്റ്സി പോള്‍ അഭ്യര്‍ഥിച്ചു. സമാപന പ്രാര്‍ഥന കെസിഎഫിന്റെ 2016 ലെ കണ്‍വീനര്‍ റവ. സാം മാത്യു നിര്‍വഹിച്ചു. എലിസബത്ത് ജോണ്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ഫാ. ജോണ്‍ കുന്നത്തുശേരിയുടെ ആശീര്‍വാദത്തോടും ബഹാമസിലെ ദേശീയ ഗാനാലാപനത്തോടും സമ്മേളനം സമംഗളം പരിവസാനിച്ചു.

ജനറല്‍ കണ്‍വീനര്‍ ബെറ്റ്സി തോട്ടയ്ക്കാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തന നിരമായ ഒരു കമ്മിറ്റിയാണു പരിപാടികള്‍ നിയന്ത്രിച്ചത്. സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ആതിഥേയത്വം വഹിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍