'ഫോമയുടെ ചട്ടങ്ങള്‍ സമൂലം പരിഷ്കരിക്കും'
Tuesday, March 17, 2015 8:07 AM IST
ന്യൂയോര്‍ക്ക്: ഫോമയുടെ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുവാന്‍ എത്രയും വേഗം നടപടികള്‍ ആരംഭിക്കുമെന്നു ഫോമയുടെ ബൈലോ കമ്മിറ്റിയുടെ യോഗത്തില്‍ തീരുമാനിച്ചു.

അമേരിക്കയിലെ മലയാളി സംഘടനാപ്രവര്‍ത്തനത്തില്‍ അതീവ പ്രാഗല്ഭ്യം തെളിയിച്ചവരും ഫോമയുടെ നിലവിലെ നിയമങ്ങള്‍ നിര്‍മിച്ചവരും ഉള്‍പ്പെടുന്നതാണു കമ്മിറ്റി. പന്തളം ബിജു തോമസ് ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ എല്ലാവര്‍ക്കും സുപരിചതരായ ജെ. മാത്യു. രാജു വര്‍ഗീസ്, ഡോ. ജയിംസ് കുറിച്ചി എന്നിവരും അംഗങ്ങളാണ്.

രണ്ടു ഘട്ടങ്ങളായി, വളരെ സുതാര്യമായ രീതിയില്‍ നിയമങ്ങള്‍ നവീകരിക്കാനുള്ള പ്രാരംഭനടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. മേയ് അവസാനത്തോടെ തീരുന്ന അഭിപ്രായശേഖരണത്തോടെ ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കും. അതിന്റെ ഭാഗമായി വിശദീകരണമടങ്ങുന്ന അറിയിപ്പുകള്‍ ഫോമയിലെ അംഗ സംഘടനകള്‍ക്ക് അയച്ചുതുടങ്ങി.

നിര്‍ദിഷ്ട ഫോമില്‍, ഫോമയിലെ അംഗസംഘടനയിലെ ഏതൊരു അംഗത്തിനും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അയയ്ക്കാവുന്നതാണ്. അപൂര്‍ണമായ ഫോമുകളില്‍ സമര്‍പ്പിക്കുന്നവ പരിഗണിക്കുന്നതല്ല. ഫോമുകള്‍ വെബ്സൈറ്റില്‍നിന്നു ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അംഗസംഘടനകളോട് ആരായുകയോ, ഫോമയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച്, ദേശീയ കമ്മിറ്റിയുടെ അംഗീകാരത്തോടെ വീണ്ടും അംഗസംഘടനകള്‍ക്ക് അയച്ചു കൊടുക്കുന്നതായിരിക്കും. തുടര്‍ന്ന് ഫോമയുടെ പൊതുയോഗത്തില്‍ അവതരിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണാവകാശം അതില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കായിരിക്കും. പൊതുയോഗത്തില്‍ ഭൂരിപക്ഷത്തോടെ പാസാവുന്നവ, ഫോമായുടെ പുതിയ നിയമങ്ങളായി ഉള്‍പ്പെടുത്തും.

അമേരിക്കന്‍ ഐക്യനാടുകളിലേക്കു പടര്‍ന്നു പന്തലിക്കുന്ന ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ സുഗുമമാക്കുന്നതിനു ചട്ടങ്ങള്‍ പരിഷ്കരിക്കണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കുവാന്‍ കഴിയുന്നത് ഇതിനോടകം ഫോമയുടെ വിവിധ തലങ്ങളില്‍ സേവനം അനുഷ്ഠിച്ചവരുടെ പക്കല്‍നിന്നാവുമെന്നും അതിനോടൊപ്പം ഫോമയുടെ ശോഭനമായ ഭാവി മുന്നില്‍ കാണുന്ന എല്ലാവരുടെയും നിര്‍ലോഭമായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായും ബൈലോ കമ്മിറ്റി ചെയര്‍മാന്‍ പന്തളം ബിജു തോമസ് അറിയിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്