മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ ഓണാഘോഷം ഓഗസ്റ് 16ന്
Wednesday, March 18, 2015 5:30 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഈ വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ പ്രഥമ എക്സിക്യൂട്ടീവ് യോഗം മാര്‍ച്ച് ഒമ്പതിനു ഹാലം കമ്യൂണിറ്റി ഹാളില്‍ നടന്നു. സംഘടനയുടെ രക്ഷാധികാരിയും, മെല്‍ബണിലെ ആദ്യ പ്രവാസിയും ആയിരുന്ന ഡോ. രാമന്‍ മാരാരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗം ആരംഭിച്ചത്. ഡോ. രാമന്‍ മാരാരുടെ പേരില്‍ മേയ് 31നു ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി, ഓണദിനത്തില്‍ സമ്മാനദാനം നടത്തുവാനും തീരുമാനിച്ചു. നിലവില്‍ ഒഴിവു വന്ന രക്ഷാധികാരിയുടെ സ്ഥാനത്തേക്കു സംഘടനയുടെ പഴയകാല പ്രവര്‍ത്തകരെ പുതിയ രക്ഷാധികാരികളായും, ഉപദേശക സമിതി അംഗങ്ങളുമായി തെരഞ്ഞെടുക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിഞ്ഞ ജനറല്‍ ബോഡി മീറ്റിംഗില്‍ തീരുമാനം ആയിട്ടുള്ളതിനാല്‍ മേല്‍പറഞ്ഞ തീരുമാനത്തെ നിലവിലുള്ള സംഘടനാ നിയമാവലിയില്‍ ഉള്‍പ്പെടുത്തി അത് വിപുലീകരിക്കാവാനും യോഗം തീരുമാനിച്ചു.

സംഘടനയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഏറ്റവും വിപുലവും, വര്‍ണാഭവുമായി ഓഗസ്റ് 16നു (ഞായറാഴ്ച) സ്പ്രിംഗ് വേല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തുവാനും യോഗത്തില്‍ തീരുമാനമായി. ഓണാഘോഷദിനത്തോടനുബന്ധിച്ചു പ്രചരിപ്പിക്കുന്ന സുവനീറിലേക്ക്, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവ ഇതിനാല്‍ ക്ഷണിച്ചുകൊള്ളുന്നു. അതോടൊപ്പംതന്നെ മലയാളിസമൂഹത്തിന്റെ വായനാശീലം വളര്‍ത്തുന്നതിനുവേണ്ടി ഒരു ഗ്രന്ഥശാല തുടങ്ങുവാനുള്ള സ്ഥലവും, പുസ്തകങ്ങള്‍ വാങ്ങുവാനുള്ള ഫണ്ടും കണ്െടത്തേണ്ടതിനായുള്ള കമ്മിറ്റിയെ നിയോഗിക്കുവാനും യോഗം തീരുമാനിച്ചു.