ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ 'അഖണ്ഡ പ്രാര്‍ഥനാദിനം'
Friday, March 20, 2015 4:54 AM IST
ഡാളസ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ ഇടവകയിലെ ഭക്ത സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ യുവജന പങ്കാളിത്വം ഉറപ്പാക്കി കൊണ്ട്, ഇടവകാംഗങ്ങളെ ഉള്‍ക്കൊളളിച്ച് അഖണ്ഡ പ്രാര്‍ഥനാദിനം എന്ന പേരില്‍ ഒരു പുതിയ പ്രോഗ്രാമിനു തുടക്കം കുറിച്ചു.

അനുദിനം വിവിധപ്രശ്നങ്ങളാല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ സമൂഹത്തിനുവേണ്ടിയും സഹജീവികള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുവാന്‍ നാം കടപെട്ടിരിക്കുന്ന ചിന്തയോടെ 'എല്ലാറ്റിനും മീതെ സമ്പൂര്‍ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിന്‍ കൊലസ്യര്‍ 3:14 എന്ന വേദവാക്യത്തെ അടിസ്ഥാനമാക്കി, പ്രാര്‍ഥനയിലൂടെ മറ്റുള്ളവരുടെ വേദനകളെ പങ്കുവയ്ക്കുന്നതിനുളള ഒരവസരം എന്ന നിലയില്‍ നടപ്പാക്കുന്ന ഈ നൂതന ആശയം മാര്‍ച്ച് 11 (ബുധന്‍) പുലര്‍ച്ചെ പന്ത്രണ്ടിന് റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ പ്രാര്‍ഥിച്ച് ആരംഭിച്ചു.

വിവിധ രോഗങ്ങളാല്‍ വലയുന്നവര്‍, സാമ്പത്തിക ക്ളേശമനുഭവിക്കുന്നവര്‍, ഭവനരഹിതര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, വിവാഹപ്രായമെത്തിയ യുവതീയുവാക്കള്‍, വൃദ്ധ ദമ്പതികള്‍, സഭാ പിതാക്കന്മാര്‍, ഇടവകാംഗങ്ങള്‍ എല്ലാറ്റിനുമുപരി സിറിയ, യറുശലേം തുടങ്ങി ലോകത്തിന്റെ നാനാ ഭാഗങ്ങളിലായി പീഡനങ്ങളും യാതനകളും അനുഭവിക്കുന്നവര്‍ എന്നിങ്ങനെ വിവിധ വിഭാഗത്തില്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ആശ്വാസം ലഭിക്കുന്നതിനായുളള ഈ 'അഖണ്ഡ പ്രാര്‍ഥനായജ്ഞം എല്ലാ ബുധനാഴ്ചയിലും 24 മണിക്കൂര്‍ തുടര്‍ച്ചയായി നടത്തുവാന്‍ തക്കവണ്ണമാണു ക്രമീകരിച്ചിരിക്കുന്നത്.

മേഴ്സി അലക്സ്, ചാക്കോ കോര, (കോ-ഓര്‍ഡിനേറ്റേഴ്സ്), ജിത്ത് തോമസ് (എച്ച്എം സണ്‍ഡേ സ്കൂള്‍) ജോര്‍ജ് എരമത്ത് (സെക്രട്ടറി എംജിഒസിഎസ്എം) എന്നിവരുടെ നേതൃത്വത്തില്‍ ഭക്ത സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലുളള കമ്മറ്റിയാണ് ഈ പ്രാര്‍ഥനാ യജ്ഞത്തിനു നേതൃത്വം നല്‍കുന്നത്.

അമേരിക്കന്‍ അതിഭദ്രാസനത്തില്‍ത്തന്നെ, ആദ്യ സംരംഭം എന്ന നിലയില്‍ ആരംഭം കുറിച്ച ഈ ആത്മീയ പ്രോഗ്രാം വിജയകരമായി നടത്തുന്നതിന്, വികാരി റവ. ജോണ്‍ വര്‍ഗീസ്, കോര്‍ എപ്പിസ്കോപ്പ, സെസില്‍ മാത്യു(സെക്രട്ടറി) ബിജു തോമസ് (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ പളളി മാനേജിംഗ് കമ്മിറ്റി എല്ലാ ക്രമീകരണങ്ങളും ചെയ്തുവരികയാണ്. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍