നടി ശോഭനയുടെ നൃത്തശില്പം കൃഷ്ണ ന്യൂയോര്‍ക്കില്‍; മഹിമ കിക്കോഫ് വന്‍ വിജയം
Friday, March 20, 2015 4:56 AM IST
ന്യൂയോര്‍ക്ക്: നൂപുരധ്വനികളുടെ മാന്ത്രികപ്രപഞ്ചം തീര്‍ക്കാന്‍ പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ പദ്മശ്രീ ശോഭനയും സംഘവും ന്യൂയോര്‍ക്കില്‍ എത്തുന്നു. മലയാളി ഹിന്ദു മണ്ഡലം (മഹിമ) സംഘടിപ്പിക്കുന്ന പരിപാടിയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ക്വീന്‍സിലുള്ള കെസിഎഎന്‍എ ഹാളില്‍ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടന്നു.

ഏപ്രില്‍ 19നു വൈകുന്നേരം അഞ്ചിനു ഫ്ളഷിംഗിലുള്ളഗണേഷ് ക്ഷേത്രത്തിന്റെ  ഓഡിറ്റോറിയത്തിലാണു ശോഭനയുടെ നേതൃത്വത്തില്‍ 'കൃഷ്ണ' എന്ന സംഗീത നൃത്തശില്പം അരങ്ങേറുന്നത്. ബ്രോഡ്വേ  തിയറ്റര്‍ ഷോകളുടെ മാതൃകയില്‍ അണിയിച്ചൊരുക്കുന്ന നൃത്തശില്പത്തിന് ഇതിനോടകം പാശ്ചാത്യ-പൌരസ്ത്യ വേദികളില്‍ വമ്പിച്ച സ്വീകരണമാണു ലഭിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ സംഗീതവും, ഓസ്കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ശബ്ദവിന്യാസവും കൂടിച്ചേരുമ്പോള്‍ പ്രേക്ഷകര്‍ക്കു 'കൃഷ്ണ' സമ്മാനിക്കുക വ്യത്യസ്തതയാര്‍ന്ന അനുഭൂതിയായിരിക്കുമെന്നു സംഘാടകര്‍ സാക്ഷ്യപ്പെടുത്തുന്നു.  

സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യവും കവിയുമായ കുന്നപ്പള്ളില്‍ രാജഗോപാലിന് ആദ്യ ടിക്കറ്റ് നല്‍കി മഹിമ പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മഹിമ സെക്രട്ടറി കൊച്ചുണ്ണി ഇളവന്‍മഠം കെസിഎഎന്‍എ പ്രസിഡന്റ് ബിനോയ് ചെറിയാന് ടിക്കറ്റ് നല്‍കി. മഹിമ ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ സുധാകരന്‍ പിള്ളയില്‍നിന്നു ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ ടിക്കറ്റ് ഏറ്റുവാങ്ങി. എന്‍ബിഎ പ്രസിഡന്റ് രഘുവരന്‍ നായര്‍ രാജു നാണുവില്‍നിന്ന് എസ്എന്‍എ സെക്രട്ടറി സജീവ് ചേന്നാട്ട് മഹിമ ബില്‍ഡിംഗ് ഫണ്ട് ചെയര്‍പെഴ്സണ്‍ ഡോ. ഗീതാ മേനോനില്‍നിന്നും യഥാക്രമം ടിക്കറ്റുകള്‍ സ്വീകരിച്ചു. ചടങ്ങില്‍ മഹിമ സെക്രട്ടറി കൊച്ചുണ്ണി ഇളവന്‍മഠം സ്വാഗതവും ട്രഷറര്‍ രവി നായര്‍ നന്ദിയും പ്രകാശിപ്പിച്ചു.

നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി നടന്ന ചടങ്ങില്‍ വിവിധ സാംസ്കാരികസംഘടനകളും വ്യക്തികളും മഹിമയുടെ പുതുസംരംഭത്തിന് എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. വന്‍ വിജയമായ കിക്കോഫ് ചടങ്ങ് കൃത്യതയോടെയും സമയബന്ധിതമായും സംഘടിപ്പിച്ച താമര രാജീവിന്റെ പ്രവര്‍ത്തന മികവ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

ശോഭനയുടെ ഈ നൃത്തസന്ധ്യയില്‍ പങ്കെടുത്ത് ഇത് ഒരു വന്‍ വിജയമാക്കണമെന്ന് മഹിമ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 845 399 8446, 516 395 1835, 914 621 1897.  

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ