ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ക്കു തിരി തെളിഞ്ഞു
Tuesday, March 24, 2015 5:48 AM IST
ഷിക്കാഗോ: എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ 2015ലെ പ്രവര്‍ത്തന പരിപാടികള്‍ക്ക് ഔപചാരികമായ തുടക്കമായി.

എല്‍മേറ്റ്സ് സിഎസ്ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഷിക്കാഗോ ദേവാലയത്തില്‍ മാര്‍ച്ച്10 നു നടന്ന കൌണ്‍സില്‍ യോഗത്തില്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

ഷിക്കാഗോയിലെ വിവിധ സഭാ വിഭാഗങ്ങളിലെ 16 പളളികളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ കൌണ്‍സില്‍ കാല്‍ നൂറ്റാണ്ടിലധികമായി സഭകള്‍ തമ്മിലുളള സാഹോദര്യബന്ധം നിലനിര്‍ത്തുന്നതും വിവിധ മേഖലകളില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുമുളള വേദിയായി മാറുന്നതിലുളള സന്തോഷം അറിയിക്കുകയും ആത്മീയ കര്‍മരംഗങ്ങളില്‍ എക്യുമെനിക്കല്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലവത്തായിതീരട്ടെ എന്നു കൌണ്‍സില്‍ മുന്‍ പ്രസിഡന്റുകൂടിയായ മാര്‍ ജോയ് ആലപ്പാട്ട് ആശംസിക്കുകയും ചെയ്തു.

എക്യുമെനിക്കല്‍ കൌണ്‍സിലിന്റെ ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയമായ 'അനുരഞ്ജനത്തിന്റെ സ്ഥാനപതികള്‍' കൌണ്‍സില്‍ വൈസ് പ്രസിഡന്റ് റവ. സോനു സ്കറിയ വര്‍ഗീസ് വിശദമായ അവതരണം നടത്തുകയും നാം ആയിരിക്കുന്ന സാഹചര്യങ്ങളില്‍ ക്രിസ്തുവിന്റെ അനുരഞ്ജനത്തിന്റെ സ്ഥനാപതികള്‍ ആകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയും ചെയ്തു.

ക്രൈസ്തവസമൂഹം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളില്‍ കൌണ്‍സില്‍ ആശങ്ക രേഖപ്പെടുത്തുകയും അവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. എക്യുമെനിക്കല്‍ കൌണ്‍സിലിന്റെ പുതിയ വര്‍ഷത്തെ പരിപാടികളെക്കുറിച്ച് ആലോചിക്കുകയും വിവിധ പരിപാടികളുടെ നടത്തിപ്പിനായി സബ് കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ചെയ്തു.

എക്യുമെനിക്കല്‍ കൌണ്‍സില്‍ ഇടവകകളില്‍നിന്നു വൈദികരും കൌണ്‍സില്‍ അംഗങ്ങളും പങ്കെടുത്ത യോഗത്തില്‍ പ്രസിഡന്റ് ഫാ. ഡാനിയേല്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സിഎസ്ഐ കോണ്‍ഗ്രിഗേഷന്‍ വികാരി റവ. ലോറന്‍സ് ജോണ്‍സണ്‍ സ്വാഗതം ആശംസിച്ചു. കൌണ്‍സില്‍ സെക്രട്ടറി ജോര്‍ജ് പണിക്കര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം