ലിന്‍ബ്രൂക് സെന്റ് മേരീസ് ദേവാലയത്തിലെ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കിക്ക് ഓഫ് വിജയമായി
Wednesday, March 25, 2015 5:49 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 29-ാമത് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനുള്ള ലിന്‍ബ്രൂക് സെന്റ് മേരീസ് ദേവാലയത്തിലെ കിക്ക് ഓഫ്, ഇടവക മെത്രാപ്പോലീത്ത യെല്‍ദോ മാര്‍ തീത്തോസിന്റെ സാന്നിധ്യത്തില്‍ നടന്നു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇടവകയിലെ പതിനഞ്ചോളം കുടുംബങ്ങള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി.

ജൂലൈ 15 മുതല്‍ 18 വരെ നടക്കുന്ന കുടുംബമേളയ്ക്കു ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍നിന്നു നല്ല രീതിയിലുള്ള സഹകരണമാണു ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും പാത്രിയര്‍ക്കീസ് ബാവായുടെ സാന്നിധ്യം അതിനൊരു പ്രധാന കാരണമാണെന്നും മെത്രാപ്പോലീത്ത പ്രസംഗത്തില്‍ പറഞ്ഞു.

ദേവാലയത്തില്‍നിന്നു ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന അകമഴിഞ്ഞ സഹകരണത്തിനും മെത്രാപ്പോലീത്ത നന്ദി പറഞ്ഞു. ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രത്യേകതകളെക്കുറിച്ചും വിശ്വാസികള്‍ക്കായി ക്രമീകരിച്ചിട്ടുള്ള സൌകര്യങ്ങളെക്കുറിച്ചും ഭദ്രാസന ട്രഷറര്‍ സാജു പൌലോസ് മാരോത്ത് യോഗത്തില്‍ വിവരിച്ചു.

ഭദ്രാസന കൌണ്‍സില്‍ അംഗം പി.ഒ. ജേക്കബ് ചടങ്ങില്‍ സന്നിഹിതരായിരുന്നു. വരും ദിവസങ്ങളില്‍ കഴിവതും ഇടവകാംഗങ്ങള്‍ രജിസ്ട്രേഷന്‍ നടത്തി, കുടുംബമേള വന്‍വിജയമാക്കി തീര്‍ക്കണമെന്നു ഭദ്രാസന കൌണ്‍സില്‍ അംഗവും ഇടവക വികാരിയുമായ ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി അംഗങ്ങളെ ഓര്‍മിപ്പിച്ചു. ബേബി കുര്യാക്കോസ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കി. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍