ശാസ്ത്ര ലോകത്തിന് അത്ഭുതമായി പശു, നാലു കിടാങ്ങള്‍ക്കു ജന്മം നല്‍കി
Wednesday, March 25, 2015 5:50 AM IST
അര്‍ക്കന്‍സാസ്: പ്രസവത്തില്‍ ഒരേ സമയം നാലു കുട്ടികള്‍ക്ക് ജന്മം നല്‍കുക എന്ന അസാധാരണ സംഭവത്തിന് അര്‍ക്കന്‍സാസ്- ഒക്ലഹോമ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കാറ്റില്‍ഫീല്‍ഡ് മാര്‍ച്ച് മൂന്നാം വാരം സാക്ഷ്യം വഹിച്ചു.

നാലു കുട്ടികളില്‍ മൂന്നു കാളക്കുട്ടികള്‍ക്കും ഒരു പശുക്കിടാവിനും യഥാക്രമം ഏനി, മീനി, മിനി, മൂ എന്ന പേരും നല്‍കിയതായി കാറ്റില്‍ ഫീല്‍ഡ് ഉടമ ജിമ്മി ബാര്‍ലിംഗ് പറഞ്ഞു.

പശു പ്രസവിക്കുന്നതിനുളള സമയമായി എന്ന് അറിയാമായിരുന്നുവെങ്കിലും നാലു കുട്ടികള്‍ക്ക് ജന്മം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതൊരത്ഭുതമായി തോന്നുന്നുവെന്ന് ബാര്‍ലിംഗിന്റെ ഭാര്യ ഡോറ പറഞ്ഞു. ഡോറയുടെ പേരക്കിടാവാണ് കിടാങ്ങള്‍ക്ക് പേര് നിര്‍ദ്ദേശിച്ചത്.

കറുത്ത നിറമുളള നാല് കിടാങ്ങളും ഒരു പശുവിന്റേതാണോ എന്നു ഡിഎന്‍എ ടെസ്റുകള്‍ക്കുശേഷമേ തീരുമാനിക്കാനാവൂ എന്ന് മൃഗഡോക്ടര്‍ മൈക്ക് പറഞ്ഞു. ജീവനുളള നാലു കിടാങ്ങള്‍ക്കു ജന്മം നല്‍കുക എന്നത് ലക്ഷങ്ങളില്‍ ഒന്നായി മാത്രമേ കണക്കാക്കാനാവൂ എന്നു ഡോക്ടര്‍ പറഞ്ഞു.

നാലു കിടാങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ തൂക്കം 25 പൌണ്ടാണ്. സാധാരണ ഒരു പശുക്കിടാവിന്റെ തൂക്കം 75 പൌണ്ട് വരുമെന്നു ഡോക്ടര്‍ പറഞ്ഞു. ശാസ്ത്രലോകത്തിന് അദ്ഭുതമായ ഈ ജനനം പരിശോധനകള്‍ക്കുശേഷമേ സ്ഥരീകരിക്കാനാവൂ എന്നും ഡോക്ടര്‍ കൂട്ടിചേര്‍ത്തു. പശുവിന് നാല് കിടാങ്ങളേയും നോക്കുന്നതിനു സാധ്യമല്ലാത്തിനാല്‍ രണ്ടു പേരെ പ്രത്യേകമായി ചുമതപ്പെടുത്തിയിട്ടുണ്െടന്ന് ഉടമസ്ഥര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍