പ്രത്യാശയുടെ വിരുന്നൊരുക്കുന്ന പ്രഭാതങ്ങള്‍
Wednesday, March 25, 2015 6:21 AM IST
തീര്‍ഥാടനം/ മോണ്‍. ജോര്‍ജ് ആലൂക്ക, (മാണ്ഡ്യ രൂപത അഡ്മിനിസ്ട്രേറ്റര്‍)

ഓരോ നോമ്പുകാലവും ഒരു കടന്നുപോകലാണ്. പീഢാനുഭവത്തിന്റെ തീക്കനല്‍ തൊട്ട് ജീവിതത്തെ വിശുദ്ധീകരിച്ചു കടന്നുപോകുന്ന കാലം. യേശുവിന്റെ ജീവിതമരണോത്ഥാനങ്ങളെ അനുസ്മരിച്ച്, ത്യാഗത്തില്‍ തപം ചെയ്ത് ജീവിതത്തെ വിശുദ്ധീകരിക്കുന്ന സമയമാണിത്. ത്യാഗത്തിന്റെ ജീവിതചര്യകളിലൂടെ ജീവിതത്തെ പാകപ്പെടുത്താനും പശ്ചാത്താപത്തിലൂടെയും പരിഹാരത്തിലൂടെയും വിശുദ്ധീകരിക്കാനും നാം ശക്തി നേടുന്ന കാലം.

ചരിത്രം കാത്തുസൂക്ഷിക്കുന്ന അത്ഭുതങ്ങളുടെ മണിച്ചെപ്പുകളുണ്ട്. ഓര്‍മയില്‍ കെടാതെ കാക്കുന്ന പ്രത്യാശയുടെ വെള്ളിവെളിച്ചമുണ്ട്. കാലപ്രവാഹത്തില്‍ ഇതു തുടര്‍ന്നുകൊണ്േടയിരിക്കും. അതിനെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. തകര്‍ന്നടിയുന്ന സ്വപ്നങ്ങളും നിലംപരിശാകുന്ന സൌധങ്ങളും ഓര്‍മ മാത്രമാകുന്ന പുകള്‍പെറ്റ സംസ്കാരങ്ങളും മരീചികയാകുന്ന സാഹോദര്യവും സമഭാവനയും ഭീതിയുളവാക്കുന്ന ക്രൂരതയും, ഒരിക്കലും അതിനു ശാശ്വത തടസമാകില്ല. അതിന്റെ സ്വഛപ്രവാഹത്തിനു ഭംഗം വരുത്താനാകും എന്നത് ശരിതന്നെ. എന്നാല്‍, എന്നന്നേക്കുമായി ഉന്മൂലനം ചെയ്യാനാവില്ല. അതാണു പ്രത്യാശയുടെ കരുത്ത്.

'വെളിച്ചത്തിന്റെ പോരാളി' എന്ന പുസ്തകത്തില്‍ പൌലോ കൊയ്ലോ കുറിക്കുന്നു: 'കുടം കൊണ്ട് അടിച്ചുതകര്‍ക്കാനോ കത്തികൊണ്ടു മുറിപ്പെടുത്താനോ കഴിയാത്ത വെള്ളം. ലോകത്തിലെ ഏറ്റവും ശക്തിയേറിയ വാളിനു പോലും അതിന്റെ മുഖത്ത് ഒരു ചെറിയ വടു പോലും ഏല്പിക്കാന്‍ കഴിയില്ല. ഒരു നദിയിലെ വെള്ളം സ്വയം മെരുങ്ങിയൊരുങ്ങി കൊടുക്കുന്നു. പക്ഷേ നദി ഒരിക്കലും അതിന്റെ ഏകമായ ലക്ഷ്യം-അനന്തസാഗരം-മറക്കുന്നില്ല'. ഇതുപോലെതന്നെയാണു പ്രത്യാശയും. പ്രതികൂല സാഹചര്യങ്ങളിലൂടെ, അക്രമത്തിലൂടെ, അനീതിയിലൂടെ പ്രത്യാശയെ തളര്‍ത്താം... പക്ഷേ, തകര്‍ക്കാനാവില്ല.

സമീപകാല സംഭവങ്ങള്‍ മനുഷ്യമനസുകളെ ഏറെനൊമ്പരപ്പെടുത്തുന്നുണ്ട്. ലോകമെങ്ങും ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ട വര്‍ഷമാണു കടന്നുപോയതെന്നു വാര്‍ത്തകള്‍ക്ക് ഈ നോമ്പുകാലത്ത് ഏറെ പ്രസക്തിയുണ്ട്. മതത്തിന്റെ പേരില്‍ അതിക്രൂരമായി മനുഷ്യരെ വധിക്കുന്നതിന്റെ ഭീകര ചിത്രങ്ങള്‍ ഹൃദയഭേദകമായ ഓര്‍മകളാണ്. തീരക്കടലിനെ മുഴുവനും രക്തപങ്കിലമാക്കിയ ക്രൂരത. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും, വൃദ്ധസന്യാസിനിയെപ്പോലും ഒഴിവാക്കാത്ത അസഹിഷ്ണുത... മനുഷ്യ മനഃസാക്ഷി മരിച്ചുവോ...!

കൊടിയ നിരാശയിലേക്ക് കൂപ്പുകുത്താനുള്ള മനുഷ്യമനസിന്റെ സ്വാഭാവിക പ്രവണതയെ തള്ളിക്കളയുന്നതിന്റെയും നന്മയുടെയും പ്രത്യാശയുടെയും പുതുവസന്തം വിരിയുമെന്നതിന്റെയും സൂചനകള്‍ അങ്ങിങ്ങായി കാണാം. പ്രത്യാശയ്ക്കു മരണമില്ല, മനുഷ്യനുള്ളിടത്തോളം കാലം. അനീതിയും മതസ്പര്‍ധയും അക്രമവും വൈരവും മനുഷ്യമനഃസാക്ഷിയില്‍ ചിരപ്രതിഷ്ഠ നേടില്ല. ഇതിനെല്ലാം മധ്യേ, നന്മയുടെ നറുവസന്തത്തെ വിരിയിക്കാന്‍ മനുഷ്യന്റെ ഇഛാശക്തിക്കാകും. നന്മയുടെ ശാശ്വത വിജയത്തിനു വേണ്ടി ഒന്നിച്ച് അണിനിരക്കാന്‍ നിശ്ചയം ചെയ്യണം നാം.

അസ്തമിക്കാത്ത പ്രത്യാശയുടെ ദിനങ്ങള്‍ക്കുവേണ്ടി ഒരുങ്ങുന്ന ഈ ദിനങ്ങളില്‍ സഹനപര്‍വത്തിലൂടെ കടന്നുപോയി ലോകത്തിനു മുഴുവന്‍ പ്രത്യാശയുടെ സൂര്യപ്രഭ തെളിയിച്ച കര്‍ത്താവിന്റെ പീഡാനുഭവങ്ങളും നമ്മുടെ മനസില്‍ ഉണ്ടാകണം. സഹനത്തിന്, അനീതിയുടെയോ സംഘടിത അക്രമത്തിന്റെയോ ഔദ്യോഗിക സംവിധാനത്തിന്റെയോ ഭാഗമായാലും മനുഷ്യമനസിലെ നന്മയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ക്ക് വിലങ്ങിടാനാവില്ല. കര്‍ത്താവിന്റെ ഉയിര്‍പ്പു നല്കുന്ന ഉറപ്പാണത്. വലിയ കല്ലുരുട്ടിവച്ച് പുറത്തുകടക്കാനാവാത്ത വിധം കല്ലറ ബന്ധിച്ചാലും അവിടുന്നു പുറത്തുവരും...വിജയശ്രീലാളിതനായി. ആ ഉയിര്‍പ്പ് ലോകത്തിനു തന്നെയുള്ള വലിയ സന്തോഷത്തിന്റെ ദൂതാണ്. അസ്തമിക്കാത്ത പ്രത്യാശയുടെയും.

നമ്മിലോരോരുത്തരിലും ഉയിര്‍ത്തെഴുന്നേല്ക്കാന്‍ വെമ്പുന്ന നന്മയുടെയും പ്രത്യാശയുടെയും വിത്തുകളുണ്ട്.

നോമ്പുകാലത്തെ തയാറെടുപ്പുകളും മാനസാന്തരത്തിനുള്ള സന്നദ്ധതയും പ്രത്യാശയുടെ പുത്തന്‍ പ്രഭാതങ്ങളുടെ താക്കോലാകട്ടെ. പ്രപഞ്ചത്തിനു പ്രത്യാശയുടെ വിരുന്നൊരുക്കുന്ന പ്രഭാതങ്ങളുടെ ആത്മാവാകട്ടെ. നമ്മുടെ നിലപാടുകളും ജീവിതവും ഉയിര്‍ത്തെഴുന്നേറ്റവന്റെ ചൈതന്യം നമ്മിലൂടെ പ്രപഞ്ചത്തിന്റെ ആത്മാവിനെ പുളകിതമാക്കട്ടെ.